പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവും പാര്‍ട്ടിക്കുള്ളിലെ കലഹവും: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്‍റ് കെ.കെ. രജീഷ് രാജിവെച്ചു


പേരാമ്പ്ര: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് രാജിവെച്ചു. രാജിക്കത്ത് ജില്ല പ്രസിഡന്റിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ കലഹവും പ്രസിഡന്റായിരുന്ന രജീഷിനെരിരെയുണ്ടായ കോഴ വിവാദവും ഇതേ തുടര്‍ന്നുണ്ടായ വ്യക്തിഹത്യയുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

പേരാമ്പ്രയിലെ പെട്രേള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും വിമര്‍ശനങ്ങലും ഉയര്‍ന്നു വന്നിരുന്നു. പെട്രോള്‍ പമ്പുടമയില്‍നിന്ന് പണപ്പിരിവു നടത്തിയ സംഭവത്തില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റിനെ നടപടിയില്‍ നിന്നൊഴിവാക്കിയതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ. രാഘവനെയും വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലിലിനെയും ജില്ലാ നേതൃത്വം കഴിഞ്ഞ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയൊന്നും ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നിരുന്നു.

പണപ്പിരിവു സംബന്ധിച്ച ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത മണ്ഡലം കമ്മിറ്റി യോഗത്തില്‍ അതിക്രമിച്ചുകയറിയ പന്ത്രണ്ടോളം പ്രവര്‍ത്തകര്‍ അഴിമതിക്കും അനധികൃത പണപ്പിരിവും നടത്തിയതിനെതിരെ ബഹളം വച്ചിരുന്നു. പേരാമ്പ്രക്കടുത്ത് മൂരികുത്തിയില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്ന പാലേരി സ്വദേശി പ്രജീഷില്‍ നിന്ന് പലതവണയായി ബി.ജെ.പി മണ്ഡലം നേതാക്കള്‍ ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയെന്നാരുന്നു ആരേപണം.

തണ്ണീര്‍ത്തടം നികത്തി പമ്പ് സ്ഥാപിക്കുന്നതിനെതിരെ കല്ലോട്ടെ ബിജെപി പ്രവര്‍ത്തകര്‍ സമരം പ്രഖ്യാപിച്ചതോടെ ഇവരെ പിന്തിരിപ്പിക്കാന്‍ നേതാക്കള്‍ വീണ്ടും ഒന്നരലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. ഇതെല്ലാം മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ബിജെപി മണ്ഡലം കമ്മിറ്റി അംഗവുമായ പമ്പുടമ ദൃശ്യങ്ങളും സംഭാഷണവുമടക്കം പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്.