സ്‌കൂള്‍ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, വിവാഹ രജിസ്‌ട്രേഷന്‍… എല്ലാത്തിനും അടിസ്ഥാന രേഖ ജനന സര്‍ട്ടിഫിക്കറ്റ്; വിവരം നല്‍കാതിരുന്നാല്‍ പിഴ ആയിരം രൂപ: വിശദമായി അറിയാം
ന്യൂഡല്‍ഹി: ജനന സര്‍ട്ടിഫിക്കറ്റ് രാജ്യത്തെ പൗരന്മാരുടെ അടിസ്ഥാനരേഖയാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ഡിസംബര്‍ ഏഴിന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് വിവരം. നിയമ ഭേദഗതി സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പൊതുജനാഭിപ്രായം തേടിയിരുന്നു.
നിയമഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ സ്‌കൂള്‍ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, വിവാഹ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ എല്ലാത്തിനും ജനന സര്‍ട്ടിഫിക്കറ്റാകും അടിസ്ഥാന രേഖ. ജനന തിയ്യതിയും ജനിച്ച സ്ഥലവും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജനന-മരണ രജിസ്‌ട്രേഷനുകളുടെ ദേശീയ ഡാറ്റാബേസ് ഒരുക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്. നിലവില്‍ സംസ്ഥാനങ്ങളാണ് ജനന-മരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. നിയമഭേദഗതി നടപ്പായാല്‍ എല്ലാ സംസ്ഥാനങ്ങളും വിവരങ്ങള്‍ കേന്ദ്രീകൃത ഡാറ്റാബേസിലേക്ക് കൈമാറണം.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍), വോട്ടര്‍ പട്ടിക, ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നീ വിവരശേഖരങ്ങള്‍ പുതുക്കുന്നതിനായി ജനന-മരണ രജിസ്‌ട്രേഷനുകളുടെ ദേശീയ ഡേറ്റാബേസ് ഒരുക്കും. എല്ലാ ഡാറ്റാബേസുകളും പരസ്പരം ബന്ധിപ്പിച്ച് ജനന-മരണ വിവരം അടിസ്ഥാനമാക്കി ഓരോന്നിലെയും വിവരങ്ങള്‍ പുതുക്കുകയാണ് ലക്ഷ്യം.
ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരുന്നതോടെ പതിനെട്ട് വയസ് തികയുന്ന ഒരു വ്യക്തി തനിയെ വോട്ടര്‍ പട്ടികയുടെ ഭാഗമാകും. ഈ വ്യക്തി മരിക്കുമ്പോള്‍ പട്ടികയില്‍ നിന്ന് താനേ നീക്കം ചെയ്യപ്പെടുകയും ചെയ്യും.
കരട് നിയമത്തിലെ മറ്റ് വ്യവസ്ഥകളും പുറത്ത് വന്നിട്ടുണ്ട്. ജനന-മരണ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ ഈടാക്കുന്ന പിഴ 50 രൂപയില്‍ നിന്ന് ആയിരം രൂപയാക്കി ഉയര്‍ത്തും. ജനന-മരണ വിവരം ഔദ്യോഗികമായി അറിയിച്ചാല്‍ ഒരാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണം. സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുന്ന റജിസ്ട്രാര്‍, സബ് റജിസ്ട്രാര്‍, ഡോക്ടര്‍ എന്നിവര്‍ക്കുള്ള പിഴയും 50 രൂപയില്‍ നിന്ന് ആയിരമാക്കും.
മരണം നടക്കുന്ന ആശുപത്രിയിലെ അധികൃതര്‍ ഉറ്റബന്ധുവിനും രജിസ്ട്രാര്‍ക്കും മരണകാരണം സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ജനനം-മരണം എന്നിവ നടന്ന് 30 ദിവസം കഴിഞ്ഞും ഒരു വര്‍ഷത്തിനുള്ളിലുമാണ് അറിയിക്കുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ രജിസ്ട്രാറുടെ അനുമതി വേണം. ഒരു വര്‍ഷം കഴിഞ്ഞാണെങ്കില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് വേണം. രജിസ്ട്രാറുടെ നടപടിയില്‍ അതൃപ്തിയുണ്ടെങ്കില്‍ 30 ദിവസത്തിനകം ജില്ലാ രജിസ്ട്രാര്‍ക്ക് അപ്പീല്‍ നല്‍കണം. ജില്ല രജിസ്ട്രാര്‍ക്കെതിരെ ചീഫ് രജിസ്ട്രാര്‍ക്കും 30 ദിവസത്തിനകം അപ്പീല്‍ നല്‍കാം.
അതേസമയം നിയമഭേദഗതിക്കെതിരെ സി.പി.എമ്മും എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയും അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിശ്ചിത ആവശ്യത്തിനു മാത്രം ശേഖരിച്ച വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു സ്വകാര്യതാ ലംഘനമാണെന്നും വിമര്‍ശനമുണ്ട്.