നിർമ്മാണ സാമഗ്രികളുമായി ഭീമൻ വണ്ടികൾ ദിവസേന കടന്നുപോകുന്നു; ഹൈവേ വികസനം ശോചനീയാവസ്ഥയിലാക്കിയ ഇരിങ്ങത്ത് കീഴരിയൂർ റൂട്ടിലെ കുറുവട്ട് റോഡ്


പയ്യോളി: ഹൈവേ വികസനത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായിരിക്കുകയാണ് ഇരിങ്ങത്ത് കീഴരിയൂര്‍ റൂട്ടിലെ കുറുവട്ട് റോഡ് വഴി ഗതാഗതം നടത്തുന്നവര്‍. ഹൈവേയുടെ വികസനപ്രവൃത്തികള്‍ക്കാവശ്യമായ കല്ലും മെറ്റലും പോലുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദേശത്തിനടുത്തുള്ള തങ്കമല ക്വാറിയില്‍ നിന്ന്   ഈ റോഡ് മാര്‍ഗമാണ് പണിസ്ഥലത്തെത്തിക്കുന്നത് . പൊതുവേ വീതികുറഞ്ഞ കുറുവട്ട് റോഡിലെ കനാല്‍ പരിസരത്തിലൂടെ കല്ലും മറ്റുമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നിരവധി ഭീമാകാരന്‍ വണ്ടികളാണ് ദിവസേന ഈ റോഡുവഴി തലങ്ങും വിലങ്ങും കടന്നുപോവുന്നത്. ഇത് റോഡിന്റെ സ്ഥിതി പരിതാപകരമാക്കി മാറ്റിയിട്ടുണ്ട്. ഇരിങ്ങത്ത് നിന്ന് വരുമ്പോള്‍ കനാല്‍ റോഡിന്റെ ഒന്നരമീറ്ററോളം  ഭാഗം മോശം അവസ്ഥയിലാണ്. നിരവധി വീടുകളും ഇവിടെയുണ്ട്. കമ്പനി വണ്ടികള്‍ കടന്നുപോവുന്നതിനുള്ള സൌകര്യത്തിന് ജെ.സിബി ഉപയോഗിച്ച് കനാല്‍ റോഡിന് വീതി കൂട്ടി. എന്നാല്‍ അതിന്റെ ഫലമായി മണ്ണൊക്കെ വീണ് കനാല്‍ ഭാഗികമായി മൂടപ്പെട്ട നിലയിലായി.

കുട്ടികള്‍ സ്കൂളില്‍ പോവുന്ന സമയങ്ങളിലുള്‍പ്പെടെ ഹൈവേ വികസനാവശ്യത്തിന് മെറ്റീരിയല്‍സ് കൊണ്ടുവരുന്ന വാഹനങ്ങള്‍ പോവുന്നുണ്ട്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഏത് സമയത്തും സാധനങ്ങളുമായി വണ്ടികള്‍ക്ക് കടന്നുപോവാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയുള്ളതായാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ച വിവരം. റോഡിന്റെ അവസ്ഥ സംബന്ധിച്ച് സി.ഐ അടക്കമുള്ള അധികൃതരുമായി നിരന്തര ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ കൃത്യമായ പരിഹാരത്തിലേക്കെത്താന്‍ സാധിച്ചിട്ടില്ല.

സൈക്കിളെടുത്ത് കുട്ടികളൊക്കെ പോവാറുള്ള വഴിയായതിനാല്‍ റോഡ് വീതികൂട്ടലിന്റെ ഭാഗമായി കനാല്‍ വക്ക് ഇടിഞ്ഞുനില്‍ക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്.  ഇടക്കിടക്ക് അപകടങ്ങള്‍ സംഭവിക്കുന്ന ഈ റൂട്ടില്‍ അടുത്തിടെയാണ് ഒരു ഇരുചക്രവാഹന യാത്രക്കാരന്‍ വീണ് മുഖത്തൊക്കെ പരിക്കേറ്റത്.

ഈ റോഡിലൂടെ കടന്ന് പോയാല്‍ മാത്രമേ വലിയ വണ്ടികള്‍ ഇടക്കിടെ കടന്നുപോയതിന്റെ ഫലമായി  റോഡിന് സംഭവിച്ചിട്ടുള്ള മാറ്റങ്ങളും ശോചനീയാവസ്ഥയും മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്.

റോഡിന്റെ പ്രശ്നം കൂടാതെ തങ്കമല ക്വാറി പരിസരത്ത് കുന്നുപോലെ മണ്ണ് കൂട്ടിയിട്ടതും അപകടഭാഷണി ഉയര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു.മണ്ണ് നിരപ്പാക്കി ഉറപ്പിക്കണമെന്ന് ബന്ധപ്പെട്ടവരോട് അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ആ പ്രദേശത്തുള്ള വീട്ടുകാര്‍ മണ്ണിടിച്ചില്‍ വന്ന് ബുദ്ധിമുട്ടിലാകുമോ എന്ന ഭയത്തിലാണ്. മഴക്കാലത്ത് ആശങ്ക ഇരട്ടിക്കുന്നു. മണ്ണിലിപ്പോള്‍ മഴവെള്ളമിറങ്ങി വിള്ളല്‍ വീണിട്ടുമുണ്ട്.