അയല്‍ക്കൂട്ടതല സംഘടനാ സംവിധാനം മെച്ചപ്പെടുത്തല്‍ ലക്ഷ്യം; തിരികെ സ്‌കൂള്‍ ജില്ലാതല ക്യാമ്പയിന് തിരുവങ്ങൂരില്‍ തുടക്കമായി


ചേമഞ്ചേരി: തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ ജില്ലാ മിഷന്‍ കോഴിക്കോട് കുടുംബശ്രീ സി.ഡി.എസ് ചേമഞ്ചേരി എന്നിവയുടെ നേതൃത്വത്തില്‍ തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ നടത്തി. അയല്‍കൂട്ടതല സംഘടനാ സംവിധാനം മെച്ചപ്പെടുത്തല്‍ ആണ് പരിപാടിയുടെ ഉദ്ദേശം.

ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിര്‍വ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ചടങ്ങില്‍ അധ്യക്ഷയായി.

രാവിലെ 9.30 അസംബ്ലി ചേര്‍ന്നു. സ്റ്റെയ്റ്റ് മിഷന്‍ പ്രൊജക്റ്റ് ഓഫീസര്‍ നവീന്‍, സ്റ്റെയ്റ്റ് മിഷന്‍ പ്രൊഗ്രാം ഓഫീസര്‍ സി.സിന്ധു എന്നിവര്‍ മുഖ്യാതിഥികളായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മ്മാരായ എം.ഷീല, വി.കെ.അബ്ദുള്‍ ഹാരിസ്, വാര്‍ഡ് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആര്‍.സിന്ധു സ്വാഗതവും ചേമഞ്ചേരി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി.വത്സല നന്ദിയും പറഞ്ഞു.