അത്തോളിയില്‍ 261 വിധവകള്‍ക്ക് പെന്‍ഷന്‍ നഷ്ടമായ സംഭവം; ക്ലര്‍ക്കിനെതിരെ ശിക്ഷാ നടപടിയെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ ശുപാര്‍ശ


അത്തോളി: പുനര്‍വിവാഹിതരായിട്ടില്ല എന്ന സാക്ഷ്യപത്രം യഥാസമയത്ത് അപ്‌ലോഡ് ചെയ്യാത്തതിനെ തുടര്‍ന്ന്‌ അത്തോളി പഞ്ചായത്തിലെ 261 സ്ത്രീകളുടെ പെന്‍ഷന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനായ സെക്ഷന്‍ ക്ലര്‍ക്കിനെതിരെ ശിക്ഷാ നടപടിക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ ശുപാര്‍ശ. ജൂലൈ മാസം ലഭിക്കേണ്ട വിധവാ പെന്‍ഷന്‍ കുടിശ്ശിക നവംബറില്‍ ലഭിച്ചതോടെയാണ് പഞ്ചായത്തിലെ 261 പേര്‍ക്ക് പെന്‍ഷന്‍ നഷ്ടപ്പെട്ട വിവരം പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇയാള്‍ നല്‍കിയ വിശദീകരണം തൃപ്തി
കരമല്ലാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് ജോയിന്റ്‌ ഡറക്ടറോട് ആവശ്യപ്പെട്ടെന്നാണ് പ്രസിഡന്റ് ബിന്ദു രാജന്‍ പറഞ്ഞത്.

ഉദ്യോഗസ്ഥന്‍ ജോലിയില്‍ കാണിക്കുന്ന അലംഭാവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ നാലിന് സ്റ്റാഫ് യോഗം വിളിച്ച് ഇയാളെ നിലവിലെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ ഏഴിന് മറ്റൊരാള്‍ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പെന്‍ഷന്‍ കിട്ടാത്തവരുടെ കുടിശ്ശിക അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും, അനുവദിക്കാത്ത പക്ഷം പെന്‍ഷന്‍ നഷ്ടപ്പെട്ടവര്‍ക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്നും പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി തേടുമെന്നും പ്രസിഡന്റ് പറഞ്ഞു.

വിധവകളും 50 വയസില്‍ മുകളിലുള്ള അവിവാഹിതരുമായവരുടെ പെന്‍ഷന്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ പത്താംവാര്‍ഡ് അംഗം പി.കെ.ജുനൈസ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. സമയബന്ധിതമായി മസ്റ്ററിങ് നടത്തുകയും വിവാഹിത അല്ലെങ്കില്‍ പുനര്‍വിവാഹിതയല്ലെന്ന സാക്ഷ്യപത്രം പഞ്ചായത്തില്‍ നല്‍കുകയും ചെയ്തിട്ടും പെന്‍ഷന്‍ വെസ്‌ബൈറ്റില്‍ യഥാസമയം അപ്‌ലോഡ് ചെയ്തിട്ടില്ല. ഇക്കാര്യം പുനപരിശോധിക്കുന്നതില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇത്രയധികം പേര്‍ക്ക്‌ പെന്‍ഷന്‍ നഷ്ടപ്പെടാനിടയാക്കിയതെന്നാണ് ജുനൈസ് പരാതിയില്‍ പറയുന്നത്. സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യുന്ന മാസം മുതല്‍ക്കെ പെന്‍ഷന്‍ അര്‍ഹതയുണ്ടാവുകയുള്ളൂവെന്നും ധനവകുപ്പ് ഉത്തരവിട്ടിരുന്നു.