”എം.വി.ആറില്‍ ചികിത്സയില്‍ കഴിയുന്ന എന്റെ ഉമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ ഇറങ്ങിത്തിരിച്ച ആ മനുഷ്യനോട് എങ്ങനെ നന്ദി പറയണം!” മുക്കത്തെ ഓട്ടോ ഡ്രൈവറുടെ സഹാനുഭൂതി അതിശയിപ്പിച്ച കഥ പങ്കുവെച്ച് അഷ്‌റഫ് മുണ്ടക്കല്‍


മുക്കം: കുറച്ചുനേരത്തെ പരിചയം മാത്രമുള്ള ഒരാള്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തിനായി കൂട്ടുനില്‍ക്കുമ്പോള്‍ മനസുകൊണ്ട് അതിശയം തോന്നും. പക്ഷേ, നമുക്ക് ചുറ്റിലുമുണ്ട് അത്തരത്തില്‍ നന്മയുള്ള ഒരുപാട് പേര്‍. മുക്കത്തെ ഓട്ടോ ഡ്രൈവറായ രാഘവന്‍ അങ്ങനെയൊരാളാണ്. രാഘവേട്ടന്‍ തന്നെ അത്ഭുതപ്പെടുത്തിയ കഥ അഷ്‌റഫ് മുണ്ടിക്കല്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ്.

അഷ്‌റഫിന്റെ കുറിപ്പ് വായിക്കാം.

ഉമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി മുക്കം എം.വി.ആറില്‍ ആയിരുന്നു. ചില സമയത്ത് ഉമ്മാക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രത്യേകം പൂതിയായിരിക്കും. ഇന്നലെ ഉച്ചക്ക് എന്നോട് കുറച്ച് പുഴുക്ക് കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ നമ്മക്ക് ശരിയാക്കാം എന്ന മട്ടില്‍ ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങി പുറത്തുള്ള കേന്റീനിലും അടുത്തുള്ള മിക്ക ഹോട്ടലിലും കയറി ചോദിച്ചപ്പോള്‍ അവിടെ എവിടെയും സാധനം കിട്ടിയില്ല.

അതിന്റെ ഇടക്കാണ് MVR ന്റെ താഴെ രണ്ട് മൂന്ന് ഓട്ടോ എന്റെ കണ്ണില്‍ പെടുന്നത്. അവിടെ അമ്പലത്തില്‍ ഉത്സവമായതിനാല്‍ അത്യാവശ്യം തിരക്കും ഉണ്ടായിരുന്നു. ഞാന്‍ ഒരു ഓട്ടോയുടെ അടുത്ത് പോയി എന്റെ വിഷയം അവതരിച്ചപ്പോള്‍ എന്നെയും കൂട്ടി ആ ഓട്ടോക്കാരന്‍ ചെറിയ ഒരങ്ങാടിയില്‍ പോയി പുഴുക്കിനും വേണ്ടി എല്ലാ ഹോട്ടലിലും കയറിയിറങ്ങി. ഒരു രക്ഷയുമില്ല. എവിടന്നും കിട്ടിയതുമില്ല.

അങ്ങനെ ഇരിക്കെ ഇന്ന് രാവിലെ എന്റെ നമ്പറില്‍ ഒരു കോള്‍. ഇക്ക ഹോസ്പിറ്റലിന്റെ താഴെ ഇറങ്ങി വാ. ഞാന്‍ താഴെയുണ്ട്.

ചെന്ന് നോക്കുമ്പോള്‍ ഇന്നലെ എന്നെയും കൊണ്ട് കറങ്ങിയ ”ദ്വാരക ” എന്ന പേരുള്ള ഓട്ടോക്കാരന്‍ രാഘവേട്ടന്‍.
ഇക്ക ഇത് ഉമ്മാക്ക് കൊടുക്ക് എന്നും പറഞ്ഞ് ഒരു ചെറിയ പാത്രം എന്റെ കയ്യില്‍ തന്ന്.
പാത്രം പിന്നെ എടുക്കാം എന്നും പറഞ്ഞ് അദ്ദേഹമങ് പോയി. റൂമില്‍ ഉമ്മാന്റെ മുന്നില്‍ പോയി പാത്രം തുറന്ന് നോക്കിയപ്പോള്‍ മാഷാഅള്ളാഹ്! നല്ല ചെറുപയറൊക്കെ മിക്‌സാക്കിയുള്ള കിടിലന്‍ പുഴുക്ക്.

എങ്ങനെ നന്ദി പറയണം ഇത്തരം മനുഷ്യരോട്. സാഹചര്യം മനസ്സിലാക്കി വെറും ചെറിയ നേരത്തെ പരിചയം മാത്രം ഉള്ള രാഘവേട്ടന്‍ വീട്ടില്‍ നിന്നും ഭാര്യയോട് പറഞ്ഞ് ന്റെ ഉമ്മയുടെ ഒരാഗ്രഹം നിറവേറ്റി തന്നതില്‍
രാഘവേട്ട നിങ്ങള്‍ക്കും കുടുംബത്തിനും..