അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ ചോദ്യം ചെയ്യുന്നു; തമിഴ്‌നാട് ക്യൂബ്രാഞ്ചും തണ്ടര്‍ബോള്‍ട്ടു് സംഘവും സ്ഥലത്തെത്തി
കൊയിലാണ്ടി: അറസ്റ്റിലായ മാവോയിസ്റ്റ് സംഘത്തില്‍പ്പെട്ട പ്രവര്‍ത്തകനെ കൊയിലാണ്ടിയില്‍ ചോദ്യം ചെയ്യുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി കേഡര്‍ അനീഷ് ബാബുവാണ് ഇന്നലെ അറസ്റ്റിലായത്.
തണ്ടര്‍ബോള്‍ട്ട് സംഘം, വടകര ഡി.വൈ.എസ്.പി, എന്‍.ഐ.എ ഉദ്യോഗസ്ഥരും തമിഴ്‌നാട് ക്യൂ ബ്രാഞ്ചുമാണ് ചോദ്യം ചെയ്യുന്നത്. മാവോയിസ്റ്റുകള്‍ക്ക് സഹായം ചെയ്യുന്നയാളാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. ‘കൊറിയര്‍’ എന്നാണ് ഇയാള്‍ മാവോയിസ്റ്റുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ടെന്നാണ് വിവരം. തമ്പിയെന്ന പേരിലും ഇയാള്‍ അറിയപ്പെടുന്നുണ്ട്.
വയനാട് കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന കബനീദളത്തിന്റെ ഭാഗമാണ് അനീഷ് എന്നാണ് പൊലീസ് പറയുന്നത്. കൊയിലാണ്ടിക്കടുത്ത് ഒരു വാഹനത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന. മാവോയിസ്റ്റിനെതിരെയുള്ള സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് ഇയാളെ പിടികൂടിയത്. രാത്രി ഒരു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി മൊയ്ദീന്റെ നേതൃത്വത്തില്‍ 18 മാവോയിസ്റ്റുകളാണ് കബനിദളത്തില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ വയനാട് തലപ്പുഴയ്ക്കും ആറളം ഫാമിനുമിടയിലെ വനത്തിലാണ് മാവോയിസ്റ്റുകള്‍ താമവളമടിച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ആറളം ഫാമിന് സമീപത്തുള്ള കേളകത്ത് വനംവകുപ്പിന്റെ വാച്ചര്‍മാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തിരുന്നു. ഒപ്പം കമ്പമല കോളനിയിലെ സിസിടിവിയും വയനാട് ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ഓഫീസും മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളായ ചന്ദ്രുവും, ഉണ്ണിമായയേയുമാണ് കസ്റ്റഡിയിലെടുത്തത്.