മകൻ തിരികെ വരുന്നതും കാത്തിരുന്ന മാതാപിതാക്കൾ അറിഞ്ഞത് മരണവാർത്ത, സങ്കടക്കടലായി ആ വീട്; അരിക്കുളത്ത് ബൈക്ക് അപകടത്തിൽ മരിച്ച സായൂജിന് കണ്ണീരോടെ വിട നൽകി ജന്മനാട്


അരിക്കുളം: അവസാനമായി ഒരു നോക്ക് കാണാനെത്തുമ്പോഴും സായൂജ് ഇനി ഇല്ല എന്ന് വിശ്വസിക്കാൻ അരിക്കുളംക്കാർക്കായിട്ടില്ല. ഇന്നലെ വരെ എല്ലാവരോടും സൗഹൃദത്തോടെ നടന്നു കൊണ്ടിരുന്ന ആൾ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ എന്നെന്നേക്കുമായി യാത്രയാവുകയായിരുന്നു. ബൈക്കുകൾ കൂട്ടിയിടിച്ചാണ് അരിക്കുളത്തെ കള്ളർക്കുന്നത്ത് സായൂജ് മരണപ്പെട്ടത്.

സായൂജിന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്കരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷമാണു ബന്ധുക്കൾക്ക് കൈമാറിയത്, വിദേശത്തായിരുന്ന സഹോദരൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ബൈക്കിൽ അരിക്കുളത്തുനിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു സായുജ്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സായൂജിനെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടിയൽ നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമായാണ് സായുജിന്റെ വാഹനം കൂട്ടിയിടിച്ചത്.

മകൻ തിരികെ വരുന്നതും കാത്തിരിക്കുകയായിരുന്ന മാതാപിതാക്കളും സഹോദരങ്ങളുമറിയുന്നത് സായുജിന്റെ വിയോഗവാർത്തയാണ്. തങ്ങൾക്കൊപ്പം കളിചിരികളും തമാശകളും പങ്കിടാൻ ഇനി അവൻ തിരികെ വരില്ലെന്ന യാഥാർത്ഥ്യം ഇനിയും അവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. നാട്ടിൽ നാടൻ പണിക്കാണ് സായുജ് പോയിരുന്നത്. അതിനാൽ എല്ലാവരുമായിട്ടും കൂട്ടായിരുന്നു.