‘158 കേസുകള്‍ പുനരന്വേഷിക്കാന്‍ തയ്യാറുണ്ടോ?” മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി.അന്‍വര്‍
മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി.വി അന്‍വര്‍ തുറന്നടിച്ചത്. തന്റെ പരാതികളില്‍ കേസ് അന്വേഷണം തൃപ്തികരമായല്ല നടക്കുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇങ്ങനെ തുറന്നുപറയേണ്ടിവന്നതെന്നാണ് അന്‍വര്‍ വിശദീകരിക്കുന്നത്.
കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയില്‍ പറഞ്ഞത് ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍ അന്വേഷണം കൃത്യമായല്ല നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എസ്.പി ഓഫീസിലെ മരംമുറി കേസില്‍ അന്വേഷണം തൃപ്തികരമല്ല. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ തന്നെ പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. 188ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെയെങ്കിലും ബന്ധപ്പെട്ടാല്‍ സത്യാവസ്ഥ പുറത്തുവരും. സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. എന്നാല്‍ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എടവണ്ണ കേസിലെ തെളിവുകള്‍ പരിശോധിച്ചില്ല. പി.വി.അന്‍വര്‍ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി പൊതുസമൂഹത്തിന് മുന്നില്‍ ഇട്ടുകൊടുക്കുകയായിരുന്നു. മുഖ്യമന്ത്രി ഇത്രയും കടന്നുപറേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി തന്നെ കുറ്റവാളിയാക്കുകയായിരുന്നു. പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. പാര്‍ട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. ഇപ്പോഴും പാര്‍ട്ടിയെ തള്ളിപ്പറയാനില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് താന്‍.അജിത്ത് കുമാര്‍ പറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം നടത്തിയത്. എ.ഡി.ജി.പി എം.ആര്‍.അജിത്ത് കുമാര്‍ എഴുതി കൊടുക്കുന്നതാണ് മുഖ്യമന്ത്രി വായിക്കുന്നത്.
മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. പൊലീസ് തന്റെ പിന്നാലെയുണ്ട്. ഇന്ന് വാര്‍ത്താസമ്മേളനം നടത്താന്‍ കഴിയുമെന്ന് പോലും വിചാരിച്ചതല്ല. ഇന്ന് പുലര്‍ച്ചെ രണ്ടു മണിവരെ ഉറങ്ങിയിട്ടില്ല. ഇന്നലെ രാത്രിയും പൊലീസ് തന്റെ വീട്ടിലെത്തി. ഇനി പ്രതീക്ഷ കോടതിയിലാണെന്നും. താന്‍ ഉയര്‍ത്തിയ കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കാന്‍ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വീഡിയോയും വാര്‍ത്താസമ്മേളനത്തിനിടെ പിവി അന്‍വര്‍ പ്രദര്‍ശിപ്പിച്ചു. സ്വര്‍ണം കൊണ്ടുവന്നതില്‍ കുറച്ച് പൊലീസ് അടിച്ചുമാറ്റിയെന്ന നേരത്തെയുള്ള ആരോപണത്തിലുള്ള വെളിപ്പെടുത്തലാണ് വീഡിയോയി അന്‍വര്‍ പുറത്തുവിട്ടത്. 2023ല്‍ വിദേശത്തുനിന്ന് എത്തിയ കുടുംബവുമായി സംസാരിക്കുന്നതിന്റെ വീഡിയോ ആണ് അന്‍വര്‍ പുറത്തുവിട്ടത്. പിടിച്ചെടുത്ത സ്വര്‍ണത്തില്‍ പകുതിയോളം പോലീസ് മോഷ്ടിച്ചുവെന്നാണ് വീഡിയോയില്‍ കുടുംബം ആരോപിക്കുന്നത്. കസ്റ്റംസ് രേഖകളില്‍ പറയുന്നതും രേഖകളില്‍ പറയുന്നതും പൊലീസ് പറയുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവും പി.വി അന്‍വര്‍ നടത്തി.
‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണം. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണം.’ അന്‍വര്‍ പറഞ്ഞു.