ഖുർആൻ പാരായണം, പദനിർമ്മാണം, പ്രസംഗം, കഥാകഥനം… അറബിയിൽ തകർത്ത് കുട്ടിപ്രതിഭകൾ; വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിലെ അറബിക് സാഹിത്യോത്സവം


കൊയിലാണ്ടി: അറബി ഭാഷയിൽ അവർ എഴുതി, വായിച്ചു, പ്രസംഗിച്ചു, പാടി…. കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ശ്രദ്ധേയമായി അറബിക് സാഹിത്യോത്സവം. ‘ഞങ്ങൾക്ക് മലയാളത്തിൽ മാത്രമല്ലടാ അറബിയിലും നല്ല പിടിപാടാണെന്നു’ തെളിയിച്ചു കൊണ്ടാണ് പരിപാടികളിൽ ഓരോന്നിലും ഒന്നിനൊന്നു മികച്ച പ്രവർത്തനങ്ങളുമായി കുട്ടികൾ വേദിയിൽ നിറഞ്ഞു നിന്നത്. കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നത്തെ പരിപാടികളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായി അറബിക് സാഹിത്യോത്സവം.

കയ്യെഴുത്ത്, പദനിർമ്മാണം, ഖുർആൻ പരായണം,കഥാ കഥനം, പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ പതിനേഴോളം ഇനങ്ങളിലായാണ് വിദ്യാർത്ഥികൾ മാറ്റുരച്ചത്. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ പ്ലസ്ടു ഹാളിലെ 13, 14 15, 16 മുറികളായിരുന്നു അറബിക് സാഹിത്യോത്സവത്തിന്റെ വേദി. അറബിക് സാഹിത്യോത്സവത്തിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 350 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.


Also Read: കലോത്സവത്തിന് ‘എരിവ്’ പകരാനായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എന്‍.എസ്.എസ് യൂണിറ്റ്; ശ്രദ്ധേയമായി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍മുറ്റത്തെ കച്ചവടം – വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ഒരോ കുട്ടികളും ഇഞ്ചോടിച്ച് പോരാടുന്ന കാഴ്ചയാണ് അറബിക് സാഹിത്യോത്സവത്തിൽ കണ്ടത്. മുൻ വർഷങ്ങളേക്കാൾ ഏറെ മികവോടെയാണ് ഈ വർഷം പരിപാടികൾ നടന്നത് എന്നും അതിൽ തന്നെ യു.പി വിഭാഗമാണ് ഏറെ നിലവാരം പുലർത്തിയത് എന്ന് ജഡ്ജസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ രണ്ട് വർഷത്തെ ഇടവേള മൂലം കുട്ടികളിൽ സഭാകമ്പം ഉളവായി എന്നും ചില അധ്യാപകർ അഭിപ്രായപ്പെട്ടു.

നവംബർ 14 മുതൽ 17 വരെ നീളുന്ന കലാമാമാങ്കത്തിന്റെ ആദ്യ ദിനമായ ഇന്ന് സ്റ്റേജിതര മത്സരങ്ങളാണ് നടക്കുന്നത്. പഠിച്ച അടവുകളൊന്നും മറക്കാതെ വേദിയിൽ നിറഞ്ഞ വിദ്യാർത്ഥികൾ കാണികൾക്കായി അത്യുഗ്രൻ സദസ്സ് തന്നെയാണ് ഒരുക്കിയത്.