ഇനി ‘താഴ്മയായി’ അപേക്ഷിക്കേണ്ട, ‘അഭ്യർത്ഥിച്ചാല്‍’ മതി; പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍
കോഴിക്കോട്: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള അപേക്ഷാ ഫോമുകളില്‍ ഇനി മുതല്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദമുണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യർത്ഥിക്കുന്നു’ എന്ന് മാത്രം മതിയെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം ഉത്തരവ് ബാധകമാണ്. മുമ്പ് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷയെഴുതുമ്പോള്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് ചേര്‍ക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു. ഈ ശൈലിയാണ് പുതിയ ഉത്തരവോടെ മാറുന്നത്.
ഇനി വരുന്ന അപേക്ഷകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/അഭ്യർത്ഥിക്കുന്നു’ എന്ന് ഉപയോഗിക്കണമെന്നാണ് വകുപ്പുതലവന്മാര്ക്ക് നിർദേശം നൽകിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ് സീമ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.