ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉൾപ്പെടെ 2 സിആര്‍പിഎഫ് ജവാന്മാർക്ക് വീരമൃത്യു


ന്യൂഡൽഹി: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇരുവരും സിആർപിഎഫ് കോബ്ര ബറ്റാലിയനിലെ ജവാന്മാരാണ്.

മാവോയിസ്റ്റ് കലാപബാധിത പ്രദേശമായ സുക്‌മയിലൂടെ സഞ്ചരിക്കുമ്പോള്‍ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.‌‌‌‌ സുഖ്മ ജില്ലയിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്.

സിൽഗർ സേനാ ക്യാമ്പിൽ നിന്നും ടേക്കൽഗുഡാമിലെ ക്യാമ്പിലേക്ക് പോകുകയായിരുന്ന ട്രക്കിനെ ലക്ഷ്യമിട്ടായിരുന്നു കുഴിബോംബ് സ്ഥാപിച്ചത്. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിട്ടായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ചിരുന്നത്. സംഘത്തിലെ ഒരു വാഹനത്തിന്റെ ഡ്രൈവറായിരുന്നു ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിഷ്ണു. ആക്രമണത്തിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ആക്രമണം നടത്തിയ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് സിആർപിഎഫ് അറിയിച്ചു. നടപടികൾ പൂർത്തിയാക്കി ജവാന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സിആർപിഎഫ് നടപടി തുടങ്ങി.

പാലോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ രഘുവരന്റേയും അജിതയുടേയും മകനാണ് അന്തരിച്ച വിഷ്ണു. ഭാര്യ നിഖില ശ്രീചിത്രാ ആശുപത്രിയിൽ നഴ്സാണ്. നിർദ്ദേവ് നിർവ്വിൻ, എന്നീ രണ്ട് ആൺമക്കളുണ്ട്. വീടിന്റെ പാലു കാച്ചൽ ചടങ്ങിനായി ഒന്നരമാസം മുൻപാണ് വിഷ്ണു അവസാനമായി നാട്ടിലെത്തിയത്.