അണേലയില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; റേഷന്‍ കടയ്ക്ക് സമീപമുള്ള പടന്നയില്‍ ട്രാന്‍സ്‌ഫോര്‍മറിലെ ഫീസുകള്‍ ഊരി വലിച്ചെറിഞ്ഞു, ബൈക്ക് നശിപ്പിച്ചു


കൊയിലാണ്ടി: അണേലയില്‍ അഴിഞ്ഞാടി സാമൂഹ്യവിരുദ്ധര്‍. റേഷന്‍ കടയ്ക്ക് സമീപമുള്ള പടന്നയില്‍ ട്രാന്‍സ്‌ഫോര്‍മറിലെ ഫീസുകള്‍ ഊരി വലിച്ചെറിഞ്ഞും സമീപത്തെ വീട്ടിലെ ബൈക്ക് നശിപ്പിച്ചുമാണ് പ്രദേശത്ത് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ട്രാന്‍സ്‌ഫോര്‍മറിലെ ഒമ്പത് ഫീസുകളാണ് ഇവര്‍ ഊരിയെടുത്ത് അടുത്തുള്ള പറമ്പുകളിലേക്ക് വലിച്ചെറിഞ്ഞത്. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി നിലച്ചു. വൈദ്യുതി ഇല്ലാതായതോടെ പ്രദേശവാസികള്‍ കെ.എസ്.ഇ.ബി ഓഫീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് ഞായറാഴ്ച രാവിലെ കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ട്രാന്‍സ്‌ഫോര്‍മറില്‍ ഫീസുകള്‍ ഇല്ലെന്ന വിവരം മനസിലായത്. നഷ്ടപ്പെട്ട ഫീസുകള്‍ ഉടന്‍ തന്നെ അടുത്ത പറമ്പുകളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞതോടെ വൈദ്യുതബന്ധം ഉടന്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു.