”ഇനി ഒന്നും പറയാന്‍ പറ്റില്ല. എല്ലാം സഹിച്ചേ പറ്റൂ” തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് തിരുവോണം ബംബര്‍ ഭാഗ്യശാലി അനൂപ്
ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് കഴിഞ്ഞെങ്കിലും പതിനാറ് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഓണം ബംപര്‍ ഭാഗ്യശാലിയ്ക്കുണ്ടായ അനുഭവം വരാതിരിക്കാനാണ് ബംപറടിച്ചയാള്‍ മറഞ്ഞിരിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ നല്ലത് എന്നാണ് ഓണം ബംപര്‍ ഭാഗ്യശാലി അനൂപ് ഇപ്പോഴും പറയുന്നത്.
ലോട്ടറി അടിച്ചത് കാരണം നാടുവിടേണ്ടി വന്നിട്ടും ഇപ്പോഴും ജീവിതത്തില്‍ സ്വസ്ഥത അറിഞ്ഞിട്ടില്ലെന്നാണ് അനൂപ് പറയുന്നത്.
ശ്രീവരാഹം സ്വദേശി ആയ അനൂപിന് കടം ചോദിച്ച് വരുന്നവരുടെയും മറ്റും ശല്യം കാരണം തിരുവനന്തപുരത്തെ മുക്കാലയ്ക്കല്‍ എന്ന സ്ഥലത്തേക്ക് വീടുമാറേണ്ടിവന്നു.
‘ശ്രീവരാഹത്ത് നല്ല ആള്‍ക്കാര്‍ വരാന്‍ തുടങ്ങിയതോടെയാണ് വീട് മാറിയത്. എന്നാല്‍ അതിനെക്കാളും ഇവിടെയാണ് ഇപ്പോള്‍ ആളുകള്‍ വരുന്നത്. വീട് മാറേണ്ട ആവശ്യം ഇല്ലായിരുന്നു. മുക്കാലയ്ക്കല്‍ താമസം തുടങ്ങി അന്ന് തന്നെ കാസര്‍കോട് നിന്ന് മൂന്ന് ആന്റിമാര്‍ വന്നിരുന്നു. കാശില്ലാന്ന് പറഞ്ഞ് വിട്ടപ്പോള്‍, ഞാന്‍ നന്നാകില്ലെന്ന് നാട്ടുകാരോട് പറഞ്ഞ് പ്രാകി. ഇത്രയും ദൂരെ നിന്നും വരുന്നവരെ വണ്ടിക്കൂലി കൊടുത്താണ് വിടുന്നത്. പക്ഷേ അതും വാങ്ങിയിട്ടാണ് പ്രാകുന്നത്. ഇനി ഒന്നും പറയാന്‍ പറ്റില്ല. എല്ലാം സഹിച്ചേ പറ്റൂ’എന്നും അനൂപ് പറഞ്ഞു.
ലോട്ടറി അടിച്ചതിനു പിന്നാലെ ഉപജീവനമായിരുന്ന ഓട്ടോ ഓടിക്കല്‍ നിര്‍ത്തേണ്ടിവന്നു. ആദ്യത്തെ കുറച്ചുദിവസം ഡ്രൈവറായി തന്നെ പോയി. പിന്നീട് ചിലര്‍ കാശ് തരാതായി. കോടീശ്വരന് എന്തിനാണ് കാശ് എന്ന് പറഞ്ഞ് ഒന്നും തരാതെ പോകുകയായിരുന്നെന്നും അനൂപ് പറയുന്നു. ഇതോടെ ഓട്ടോ ഓടിക്കുന്നത് നിര്‍ത്തി. വണ്ടി ഇപ്പോള്‍ അനുജനാണ് ഓടിക്കുന്നത്.
നിലവില്‍ ഒരു ലക്കി സെന്റര്‍ തുടങ്ങിയിട്ടുണ്ട്. ബംപര്‍ അടിച്ച തുകയില്‍ ഭൂരിഭാഗവും ബാങ്കില്‍ എഫ്.ഡിയായി നിക്ഷേപിച്ചിരിക്കുകയാണ്. കുറച്ചു തുകയ്ക്ക് സ്ഥലം വാങ്ങിയിട്ടുമുണ്ട്. കരുതലോടെയേ പണം കൈകാര്യം ചെയ്യൂവെന്നും അനൂപ് പറയുന്നു.
ലോട്ടറി അടിച്ച ശേഷം ആരോടും അത് പറയരുതെന്നും ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്ത ശേഷം മാത്രം മുന്നോട്ട് പോകുക. ഇന്നല്ലെങ്കില്‍ നാളെ ആയാലും നോ എന്നൊരു വാക്ക് നമുക്ക് മറ്റുള്ളവരോട് പറയേണ്ടി വരും. എനിക്കത് പറയേണ്ടി വന്നിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.