കായണ്ണയില്‍ അജ്ഞാതജീവി കൂടുതകര്‍ത്ത് കടിച്ചു കൊന്നത് ഏഴ് ആടുകളെ


കായണ്ണബസാര്‍: കായണ്ണയില്‍ അജ്ഞാതജീവി ഏഴ് ആടുകളെ കടിച്ചുകൊന്നു. ചാലില്‍ താമസിക്കും കക്കാടുമ്മല്‍ ബിജുവിന്റെ ആടുകളെയാണ് അജ്ഞാത ജീവി കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം. ഇതോടെ നാട്ടുകാരാകെ ഭീതിയിലാണ്.

കൂടു തകര്‍ത്ത് അകത്തുകടന്നാണ് ആടുകളെ കൊലപ്പെടുത്തിയത്. ജീവി ആടുകളെ കഴുത്തിന് കടിച്ചാണ് കൊന്നത്. ഒന്നിനെ പൂര്‍ണമായും തിന്നിട്ടുണ്ട്. സംഭവമറിഞ്ഞ് പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരും പേരാമ്പ്ര പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താനായില്ല.

കായണ്ണ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ സന്തോഷ് കുമാര്‍ ആടുകളെ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം സംസ്‌കരിച്ചു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി വീട് സന്ദര്‍ശിച്ചു സന്ദര്‍ശിച്ചു. കുടുബത്തിന് അടിയന്തരമായി സാമ്പത്തിക സഹായം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.