മാഹിയിൽ നിന്ന് ബസ് കയറിയ അഞ്ചാംപീടിക സ്വദേശിയായ യാത്രക്കാരൻ പയ്യോളിയിൽ വച്ച് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ


പയ്യോളി: ഓടുന്ന ബസ്സില്‍ കുഴഞ്ഞു വീണ യാത്രികനെ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. അമിതമായി മദ്യപിച്ച് ബസ്സില്‍ കുഴഞ്ഞുവീണ അഞ്ചാംപീടിക സ്വദേശി ദിനേശനെയാണ് തലശ്ശേരി -തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാഹിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് 2.10 ഓടെയാണ് തലശ്ശേരിയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിൽ ദിനേശന്‍‌ കയറിയത്. ഉച്ചയ്ക്ക് മൂന്നരയോടെ സീറ്റിലിരുന്ന് ഉറങ്ങിയ ഇദ്ദേഹം പയ്യോളി മൂരാട് പാലം എത്തിയപ്പോള്‍ സീറ്റിൽ നിന്നും കുഴഞ്ഞ് വീഴുകയായിരുന്നു.

കുഴഞ്ഞുവീണയാളെ ഉടൻ തന്നെ ബസ് ഡ്രൈവർ സി.ആർ.രാജീവ്, കണ്ടക്ടർ ടി.കെ.വിനീഷ് എന്നിവർ ചേര്‍ന്ന് പെരുമാൾപുരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിക്കുകയും പയ്യോളി പൊലീസില്‍ വിവരം ധരിപ്പിക്കുകയും ചെയ്തു.

ആശുപത്രിയിലെത്തിക്കുമ്പോൾ ഇദ്ദേഹത്തിന് ബോധമുണ്ടായിരുന്നെങ്കിലും പരസ്പര വിരുദ്ധമായാണ് പിന്നീട് സംസാരിച്ചത്. സ്ഥിര മദ്യപാനിയും മദ്യപാനത്തെത്തുടര്‍ന്ന് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളയാളുമാണ് ദിനേശനെന്നും  കുഴഞ്ഞു വീഴുമ്പോളും മദ്യപിച്ച് നില തെറ്റിയ അവസ്ഥയിലായിരുന്നു  ഇദ്ദേഹമെന്നും പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിനേശന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമാണ് ബസ് ജീവനക്കാര്‍ അവിടെനിന്ന് മടങ്ങിയത്. പിന്നീട് വീട്ടുകാര്‍ വന്ന് കൊണ്ടുപോയെന്നാണ് ലഭിക്കുന്ന വിവരം.