കോടികളുടെ തിമിംഗല ഛര്‍ദ്ദിയുമായി പിടിയിലായത് 3 കൊയിലാണ്ടിക്കാര്‍; എന്താണ് ഈ തിമിംഗല ഛര്‍ദ്ദി? എന്തുകൊണ്ട് കോടികള്‍? അറിയേണ്ടതെല്ലാം


ബരിതല തീര്‍ത്ഥാടകരെന്ന വ്യാജേന അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദി കാറില്‍ കടത്തുകയായിരുന്ന മൂന്ന് കൊയിലാണ്ടി സ്വദേശികള്‍ തൃശൂരില്‍ പിടിയിലായിരിക്കുകയാണ്. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരെയാണ് അറസ്റ്റിലായത്. തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് എന്നു പറയുന്നത് എന്താണ്, എന്തുകൊണ്ട് ഇതിന് ഇത്രയേറെ വില എന്നൊക്കെ അറിയേണ്ടേ..

തിമിംഗലങ്ങളുടെ കുടലില്‍ ദഹനപ്രക്രിയയുമായി നടക്കുന്ന ചില പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണിത്. ഒരു വിസര്‍ജ്യ വസ്തുവായും ഇതിനെ കണക്കാക്കാം.
വംശനാശത്തിന്റെ നിഴലില്‍ നില്‍ക്കുന്ന എണ്ണത്തിമിംഗലത്തില്‍ (sperm whale, ശാസ്ത്ര നാമം: ഫിസെറ്റര്‍ മാക്രോസെഫാലസ്, Physeter macrocephalus) നിന്നു ലഭിക്കുന്ന ഒരു പ്രകൃതിദത്ത ഉല്പന്നമാണ് ആംബര്‍ഗ്രിസ്.

ഔഷധ നിര്‍മാണത്തിനായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനും ആയിരം വര്‍ഷത്തിലേറെയായി ആംബര്‍ഗ്രിസ് ഉപയോഗിക്കപ്പെടുന്നുവെങ്കിലും സുഗന്ധം കൂടുതല്‍ നേരം നിലനില്‍ക്കാന്‍ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ (ഫിക്‌സേറ്റീവ്) എന്ന നിലയില്‍ സുഗന്ധദ്രവ്യവിപണിയില്‍ ഇവയ്ക്ക് സ്വര്‍ണത്തേക്കാള്‍ വിലയുണ്ട്. ഇന്ത്യയില്‍, ആയുര്‍വേദത്തിലും യുനാനി വൈദ്യശാസ്ത്രത്തിലും സുഗന്ധദ്രവ്യങ്ങളിലും മരുന്നുകളിലും ആംബര്‍ഗിസ് ഉപയോഗിച്ചിരുന്നു.


Also Read: ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേനെ തിമിംഗല ശര്‍ദ്ദിക്കടത്ത്; ഗുരുവായൂരില്‍ പിടിയിലായ കൊയിലാണ്ടിക്കാരുടെ ദൃശ്യങ്ങള്‍ പുറത്ത്


 

ആംബര്‍ഗ്രിസ് എങ്ങനെ രൂപപ്പെടുന്നുവെന്ന് പറയാം. എണ്ണത്തിമിംഗലങ്ങളുടെ പ്രധാന ആഹാരം കണവയും കൂന്തലും ആണ്. പ്രായപൂര്‍ത്തിയായ ഒരു തിമിംഗലത്തിന് ഒരു ദിവസം ഒരു ടണ്‍ വരെ കണവ അകത്താക്കാന്‍ കഴിയും. പശുക്കളെപോലെ എണ്ണത്തിമിംഗലങ്ങള്‍ക്കും ആമാശയത്തില്‍ നാല് അറകളുണ്ട്. ഒരു അറയില്‍ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്ന കണവ വഴിയിലുടനീളം ദഹനപ്രക്രിയക്ക് വിധേയമാകുന്നു. എന്നാല്‍ കണവയുടെ ശരീരത്തിലെ ദഹിക്കാത്ത ഭാഗങ്ങളായ ചുണ്ട്/കൊക്ക്, നാക്ക്/പേന എന്നിവ ആമാശയത്തില്‍ അടിഞ്ഞുകൂടുന്നു. സാധാരണ അവസ്ഥയില്‍ തിമിംഗലങ്ങള്‍ ഇങ്ങനെ ദഹിക്കാതെ ആമാശയത്തില്‍ അടിഞ്ഞുകൂടുന്ന വസ്തുക്കളെ ഛര്‍ദ്ദിച്ചു പുറത്തുകളയുകയാണ് പതിവ്. ദഹിക്കാത്ത വസ്തുക്കളുടെ ഒരു മിശ്രിതമായ ഇവയാണ് തിമിംഗല ഛര്‍ദ്ദി, ഇത് ആംബര്‍ഗ്രിസ് അല്ല. എന്നാല്‍ ഏതാണ്ട് ഒരുശതമാനം എണ്ണത്തിമിംഗലങ്ങളില്‍ ദഹിക്കാത്ത കണവചുണ്ടുകളും മറ്റും ചെറുകുടലില്‍ എത്തിപ്പെടും. അവിടെ എത്തിക്കഴിഞ്ഞാല്‍, കൂര്‍ത്തമുനകളുള്ള ഇവ അതിലോലമായ കുടലിന്റെ ഉള്ളില്‍ ഉരഞ്ഞ് അതിന്റെ അന്തസ്ഥരത്തെ പ്രകോപിപ്പിക്കാന്‍ തുടങ്ങും. ഇക്കാരണത്താല്‍ കുടല്‍ ഒരു കൊഴുപ്പ്/ കൊളസ്‌ട്രോള്‍ അടങ്ങിയ ഒരു വസ്തുവിനെ സ്രവിപ്പിക്കുന്നു. ഇത് കണവകളെ ദഹിക്കാതെ കിടക്കുന്നഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് പുറമെ മൃദുവാക്കി കൂടുതല്‍ പ്രകോപനം തടയുന്നു. ചെറുകുടല്‍ വെള്ളം വലിച്ചെടുക്കുന്നതിലൂടെ ക്രമേണ ഇവ പാറപൊലുള്ള ഒരു വസ്തുവായി മാറുന്നു. ഇത്തരം പ്രക്രിയകള്‍ ആവര്‍ത്തിക്കപ്പെടുകയും മലാശയത്തില്‍ വച്ച് നിരവധി പാളികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ഇവ ക്രമേണ വലുതാവുകയും പിന്നീട് ആംബര്‍ഗ്രിസ് ആയി മാറുകയും ചെയ്യും.

വെറും ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിലാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടുതന്നെ ആംബര്‍ഗ്രിസ് അപൂര്‍വവസ്തുവുമാണ്.


ALSO READ: ശബരിമല തീര്‍ത്ഥാടകരെ പോലെ വേഷം; തൃശ്ശൂരില്‍ കോടികള്‍ വിലമതിക്കുന്ന അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി കൊയിലാണ്ടി സ്വദേശികള്‍ പിടിയില്‍


 

ആദ്യമായി കടലില്‍ എത്തുന്ന ആംബര്‍ഗ്രിസ് കൂടുതല്‍ ദൃഢവും മലത്തിന്റെ ഗന്ധമുള്ളതും ആയിരിക്കും. എന്നാല്‍ വര്‍ഷങ്ങളായി, ഒരുപക്ഷേ പതിറ്റാണ്ടുകളായി, കടലില്‍ കിടക്കുമ്പോള്‍ ഇവ കൂടുതല്‍ മൃദുവാവുകയും സങ്കീര്‍ണ്ണമായ വാസനകള്‍ (നല്ല പുകയില, പഴകിയ തടി, കടല്‍ പായല്‍, ചന്ദനം, തുടങ്ങിയവയുടെ) ആവാഹിക്കുകയും ചെയ്യും. തിമിംഗലങ്ങളുടെ ശരീരത്തില്‍ നിന്ന് സീകരിക്കുന്നവയെ ‘ബോഡി ആംബര്‍ഗ്രിസ്’ എന്നും, കടലില്‍ പൊങ്ങിക്കിടക്കുന്നവയെ ‘ഫ്‌ലോട്ട്‌സം’ എന്നും, പ്രവാഹങ്ങളിലൂടെ തീരത്ത് എത്തുന്നവയെ ‘ജെറ്റ്‌സം’ എന്നും പറയും. ആംബ്രിന്‍ എന്നറിയപ്പെടുന്ന ഒരു ടെര്‍പീന്‍ വിഭാഗത്തിലെ രാസവസ്തു, അവയില്‍ നിന്നുണ്ടാകുന്ന അംബ്രോക്‌സാനും ആംബ്രിനോലും, ആംബര്‍ഗ്രിസിന് പ്രത്യേക ഗന്ധം നല്‍കുന്നു. ജൈവസംയുക്തമായ സ്റ്റിറോളുകളില്‍ നിന്ന് വ്യത്യസ്തമായ ബയോസിന്തറ്റിക് സംവിധാനം വഴിയാണ് ആംബ്രിന്‍ ഉത്ഭവിക്കുന്നത്.

ആംബര്‍ഗ്രിസ് ഇപ്പോഴും വ്യാപാരം ചെയ്യപ്പെടുന്നുവെങ്കിലും ഇതിന്റെ ശേഖരണവും വില്‍പ്പനയും നിയന്ത്രിക്കുന്ന നിയമങ്ങള്‍ ലോകമെമ്പാടും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങളില്‍ ആംബര്‍ഗ്രിസും മറ്റ് തിമിംഗലങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും നിരോധിച്ചിരിക്കുന്നുവെങ്കിലും ചിലയിടങ്ങളില്‍ ഇത് അനുവദനീയമാണ്.