‘വിവാഹത്തിന് മുമ്പ് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം, ജീവിതം തകര്‍ത്തത് അവനും കുടുംബവും, ആത്മഹത്യ ചെയ്താല്‍ കാരണം അവര്‍’; സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല (വീഡിയോ കാണാം)


Advertisement

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ അമല. അര്‍ജുന്‍ ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അവര്‍ മാത്രമാണ് ഉത്തരവാദികളെന്നും അമല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചതാണ് താന്‍ ജീവിതത്തില്‍ ചെയ്ത അബദ്ധമെന്നാണ് അര്‍ജുന്റെ കുറിപ്പില്‍ ഉണ്ടായിരുന്നത്. ഈ കുറിപ്പിന് മറുപടിയായാണ് ഗുരുതര ആരോപണങ്ങളുമായി അമല ലൈവില്‍ വന്നത്.

Advertisement

പൊലീസിന്റെ സഹായത്തോടെ താമസിപ്പിച്ച സ്ഥലത്ത് നിന്നാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞാണ് അമലയുടെ ലൈവ് തുടങ്ങുന്നത്. വിവാഹത്തിന് മുമ്പ് താനും അര്‍ജുനും നാല് മാസം ഒന്നിച്ച് ജീവിച്ചിരുന്നുവെന്നും ഇതിനിടെ ഗര്‍ഭിണിയായെന്നും അമല പറഞ്ഞു.

തുടര്‍ന്ന് നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി. ഇതിന് ശേഷമായിരുന്നു വിവാഹം. പ്രണയിച്ചിരുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കയ്യില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. ഹെഡ്‌സെറ്റ് പോലും വാങ്ങിക്കൊടുത്തത് താനാണ്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്.

Advertisement

ആത്മാര്‍ത്ഥമായ പ്രണയമാണെന്ന് താന്‍ വിശ്വസിച്ച് പോയി. പണത്തിന് വേണ്ടിയാണ് അയാള്‍ സ്‌നേഹം നടിക്കുന്നത് എന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തുക്കള്‍ പറഞ്ഞിട്ടും വിശ്വസിച്ചില്ല. ഇനി വിശ്വസിക്കുന്നുമില്ല. എന്നാല്‍ താനൊരു ഭീകരജീവിയാണെന്നത് പോലെയാണ് ഇപ്പോള്‍ അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നതെന്നും അമല പറഞ്ഞു.

സ്വര്‍ണ്ണക്കടത്തിനെ കുറിച്ചും കുഴല്‍പ്പണത്തിനെ കുറിച്ചുമെല്ലാം അര്‍ജുന്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പലരും തന്നെ മോശമാക്കി ചിത്രീകരിച്ചു. എന്നിട്ടും ഭര്‍ത്താവായ അര്‍ജുനെ തള്ളിപ്പറയുകയോ അയാള്‍ക്കെതിരെ മൊഴി കൊടുക്കുകയോ ചെയ്തില്ല. കേസിനും ജാമ്യത്തിനുമെല്ലാം കൂടെ നിന്നു. കേസിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് താനാണെന്നും അമല പറയുന്നു.\

വീഡിയോ കാണാം:


അര്‍ജുന്‍ ആയങ്കിയുടെ അമ്മയും സഹോദരനും കാരണമാണ് തന്റെ ജീവിതം തകര്‍ന്നതെന്ന ഗുരുതരമായ ആരോപണവും അമല ഉന്നയിച്ചു. ഒരിക്കല്‍ അര്‍ജുനൊപ്പം സിനിമ കാണാന്‍ പോയി. എന്നാല്‍ രാത്രി വീട്ടില്‍ മടങ്ങിയെത്തിയതിന് ശേഷം അര്‍ജുന്‍ വീണ്ടും പുറത്തുപോയി. രാത്രി എട്ടുമണിക്ക് പോയിട്ട് പിറ്റേദിവസം ഒമ്പതുമണിക്കാണ് വന്നത്. കൈയില്‍ ബിയറൊക്കെ ഉണ്ടായിരുന്നു. അത് ഞാന്‍ ഫ്രിഡ്ജില്‍വെച്ചു. കഴുത്തില്‍ ഉമ്മവെച്ചത് പോലെയുള്ള പാടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട ഇടപാടിന് പോയതാണെന്ന് പറഞ്ഞുവെന്നും വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

Advertisement

തന്റെ നിറത്തെച്ചൊല്ലി അര്‍ജുന്‍ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നതായും ഫെയ്സ്ബുക്ക് ലൈവില്‍ അമല പറയുന്നുണ്ട്. വെളുത്ത് കഴിഞ്ഞാല്‍ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതി ചികിത്സ വരെ തേടിയിരുന്നതായും ഗര്‍ഭച്ഛിദ്രത്തിന് പോയപ്പോള്‍ ഡോക്ടറോട് സമ്മതമല്ലെന്ന് കരഞ്ഞുപറഞ്ഞതാണെന്നും അമല പറഞ്ഞു. അതേസമയം ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ആരോപിച്ചുള്ള പരാതി അമല ഇതുവരെ നല്‍കിയിട്ടില്ല എന്നാണ് വിവരം.