മരിച്ച അമല്‍സൂര്യയ്ക്കും സുഹൃത്തുക്കൾക്കും ലഹരിമരുന്ന് ലഭിച്ചത് തലശ്ശേരിയിലെ സ്ഥിരം വിൽപ്പനക്കാരനിൽ നിന്ന്; ലഹരി ഉപയോഗത്തിനെതിരെ കൊയിലാണ്ടിയിൽ പരിശോധന ശക്തം
കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനും സുഹൃത്തുക്കൾക്കും ലഹരിമരുന്ന് ലഭിച്ചത് തലശ്ശേരിയിൽ നിന്ന്. ലഹരിമരുന്നിന് അടിമകളായ ഇവർ തലശ്ശേരിയിലുള്ള ഒരാളിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയത്. ഇയാൾ ലഹരിമരുന്ന് വിൽപ്പനക്കാരനാണെന്നും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും എക്സെെസ് ഉദ്യോഗസ്ഥർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സംഭവത്തിൽ കൂടൂതൽ അന്വേഷണം നടന്നുവരികയാണെന്നും നഗരത്തിൽ ലഹരിക്കെതിരെ പെട്രോളിംഗ് ശക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് കുറുവങ്ങാട് അണേല ഊരാളി വീട്ടില്‍ അമല്‍സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് യുവാവിനെ മുഖം നിലത്ത് കുത്തിയ നിലയില്‍ ഓടയ്ക്ക് സമീപം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ച അമല്‍ സൂര്യയോടൊപ്പം ഉണ്ടായിരുന്ന മന്‍സൂറിനെയും, ഷാഫിയെയും എക്‌സൈസ് സംഘം ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
യുവാവിന്റെ മരണത്തിന് പിന്നാല കൊയിലാണ്ടി സ്റ്റേഡിയത്തിലും, പോസ്റ്റാഫീസിനു സമീപത്തെ വഴിയോര വിശ്രമകേന്ദ്രത്തിനു സമീപവും, കുറുവങ്ങാട് വര കുന്നിലും എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു. അസി. എക്‌സൈസ് കമ്മീഷണര്‍ കെ. എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
അതേ സമയം കൊയിലാണ്ടി സ്‌റ്റേഡിയവും പരിസരവും ലഹരി സംഘങ്ങളുടെ പ്രധാന കേന്ദ്രമാണെന്ന് ആരോപണമുണ്ട്. സ്റ്റേഡിയത്തിന് അടച്ചുറപ്പില്ലാതെ ആര്‍ക്കും എപ്പോഴും കടന്നുപോകാവുന്ന സ്ഥിതിയിലാണ്. രാത്രി സമയത്ത് ഇവിടെ വെളിച്ചവുമില്ല. താലൂക്ക് ആശുപത്രിയ്ക്ക് എതിര്‍വശത്തുള്ള സ്റ്റേഡിയത്തിന്റെ മതിലിനോട് ചേര്‍ന്ന വഴിയും സ്‌റ്റേഡിയവും സ്ഥിരം രാത്രിയായാല്‍ ലഹരി സംഘങ്ങളുടെ കേന്ദ്രമാണ്. ഇവിടെ പ്രായമായ ഒരാള്‍ സ്ഥിരം ലഹരി വില്‍പ്പന നടത്തുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇയാളെ പരിശോധിച്ചെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് കൊയിലാണ്ടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Summary: Amal and his friends got the drug from a regular seller in Thalassery. Inspection is strong in Koyilandy against drug use