കൊയിലാണ്ടി പെരുമ പഞ്ചാബിലേക്കും: അല്‍ മുബാറക്ക് കളരി സംഘം പൊങ്കല്‍ സെലിബ്രേഷനില്‍ പങ്കെടുക്കുന്നതിനായി പഞ്ചാബിലേക്ക് പുറപ്പെട്ടു


കൊയിലാണ്ടി: പൊങ്കല്‍ സെലിബ്രേഷന് പങ്കെടുക്കുന്നതിനായി കൊയിലാണ്ടി അല്‍ മുബാറക്ക് കളരി സംഘം പഞ്ചാബിലേക്ക് പുറപ്പെട്ടു. പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഢിലാണ് സെലിബ്രേഷന്‍ നടക്കുന്നത്. കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്.

15 അംഗ സംഘമാണ് പഞ്ചാബിലേക്ക് പുറപ്പെട്ടത്. ഇതില്‍ രണ്ട് പരിശീലകരും ഉള്‍പ്പെടുന്നു. നാളെ ചണ്ഡീഗഢിലെത്തുന്ന സംഘം തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പരിപാടികളവതരിപ്പിക്കും. മറ്റന്നാളാണ് സംഘത്തിന്റെ ആദ്യ പ്രകടനമെന്നും കളരിയും കോല്‍ക്കളിയുമാണ് സംഘം അവതരിപ്പിക്കുന്നതെന്നും വി.കെ. ഹമീദ് ഗുരുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

നേരത്തെ ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലും സംഘം കളരിയും കോല്‍ക്കളിയും അവതരിപ്പിച്ചിരുന്നു. പ്രശസ്തമായ പൊന്ന്യത്തങ്കത്തിലും തുടര്‍ച്ചയായ അഞ്ച് വര്‍ഷം ഇവര്‍ പരിപാടി അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷവും പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗുരുക്കള്‍ പറഞ്ഞു.