കോല്‍ക്കളി പരിശീലന രംഗത്ത് മികച്ച നേട്ടവുമായി കൊയിലാണ്ടി അല്‍ മുബാറക്ക് കളരി സംഘം: അഞ്ചു ടീമുകളിലായി ഇത്തവണ സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കുന്നത് ഇവിടെ പരിശീലിച്ച 60 വിദ്യാര്‍ഥികള്‍
കൊയിലാണ്ടി: 62ാം സ്‌കൂള്‍ കലോത്സവം നാളെ തുടങ്ങുമ്പോള്‍ കൊല്ലത്ത് മത്സരിക്കുന്ന കോല്‍ക്കളിയില്‍ അല്‍മുബാറക്ക് കളരി സംഘത്തിന്റെ കീഴില്‍ പരിശീലിച്ച 60 വിദ്യാര്‍ഥികള്‍. കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ നിന്ന് ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്. ഇതില്‍ രണ്ട് ടീമുകള്‍ അപ്പീലിലാണ് മത്സരിക്കുന്നത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍, കോടതി അപ്പീലിലൂടെ മത്സരിക്കുന്ന കൊയിലാണ്ടി ഗവ.ബോയ്‌സ് സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ റഹ്‌മാനിയ സ്‌കൂള്‍ ആയഞ്ചേരി, ഡി.ഡി.ഇ അപ്പീലിലൂടെ മത്സരിക്കുന്ന കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ എന്നീ ടീമുകള്‍ അല്‍മുബാറക്ക് കളരി സംഘത്തിനു കീഴില്‍ പരിശീലനം നേടിയവരാണ്. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ നിന്ന് ചിറക്കര എച്ച്.എസ്.എസ് സ്‌കൂള്‍ തലശ്ശേരിയെ എച്ച്.എസ്.എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സംസ്ഥാന തലത്തിലേക്ക് എത്തിക്കാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ നാല് ടീമുകളെയാണ് ഇവര്‍ പരിശീലിപ്പിച്ച് പങ്കെടുപ്പിച്ചത്. ഒന്നാം സ്ഥാനം ഉള്‍പ്പെടെ ആദ്യ നാല് സ്ഥാനവും ഇവര്‍ പരിശീലിപ്പിച്ച ടീമുകള്‍ക്കായിരുന്നു. കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ കോല്‍ക്കളിയില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയത് ഈ വര്‍ഷം എച്ച്.എസ് വിഭാഗത്തിലും എച്ച്.എസ്.എസ് വിഭാഗത്തിലും നേടിയെടുക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് പരിശീലകര്‍.
അബ്ബാസ് ഗുരുക്കളുടെയും ഹമീദ് ഗുരുക്കളുടെയും നേതൃത്വത്തില്‍ ശിഷ്യല്‍ മുഹമ്മദ് റബിന്‍ വടകരയും ഷാമിലുമാണ് ഈ ടീമുകളെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ 12വര്‍ഷമായി റബിന്‍ കോല്‍ക്കളി പരിശീലന രംഗത്തുണ്ട്. കോല്‍ക്കളിയില്‍ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും മുഹമ്മദ് റബിന്‍ നേടിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവം, സി.ബി.എസ്.ഇ സ്‌കൂള്‍ കലോത്സവം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവം തുടങ്ങിയവയില്‍ നിരവധി തവണ ഒന്നാം സ്ഥാനം നേടിക്കൊടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.