‘സ്ഥായിയായ ടൂറിസം വികസനത്തിന് കൃത്യമായ ആസൂത്രണം വേണം’; അകലാപ്പുഴയുടെ തീരം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതിനെതിരെ എ.ഐ.വൈ.എഫ് (ചിത്രങ്ങൾ, വീഡിയോ)


കൊയിലാണ്ടി: ടൂറിസം രംഗത്തെ വികസനത്തിന്റെ പേരില്‍ അകലാപ്പുഴയുടെ തീരം സ്വകാര്യ വ്യക്തികള്‍ കയ്യേറി മണ്ണിട്ട് നികത്തിയതായി ആരോപണം. ഗോവിന്ദന്‍ കെട്ടിന് സമീപമാണ് പുഴയോരം മണ്ണിട്ട് നികത്തിയത്. ഇതിനെതിരെ എ.ഐ.വൈ.എഫ് പരാതി നല്‍കി.

ടൂറിസം വികസനത്തിന് തങ്ങള്‍ എതിരല്ലെന്ന് എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എ.ടി.വിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാല്‍ പ്രകൃതി സൗഹാര്‍ദ്ദമായ രീതിയില്‍ വേണം ടൂറിസം രംഗം വികസിപ്പിക്കാന്‍.

കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശത്താണ് സ്വകാര്യ വ്യക്തി പുഴയോരം നികത്തിയത്. മണ്ണിട്ട് നികത്തുന്നതോടെ കണ്ടല്‍ക്കാടുകള്‍ നശിക്കും. നിരവധി പക്ഷികളുടെ ആവാസ വ്യവസ്ഥയാണ് ഇവിടം. കണ്ടല്‍ക്കാടുകള്‍ ഇല്ലാതായാല്‍ അവയുടെ പ്രജനനത്തെ ഉള്‍പ്പെടെ അത് ഗുരുതരമായി ബാധിക്കും. ഇതെല്ലാം സംരക്ഷിച്ചു കൊണ്ട് വേണം ടൂറിസം വികസിപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.

തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശമാണ് ഇത്. പുഴയോരം നികത്തിയതിനെതിരെ തുറയൂര്‍ വില്ലേജ് ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസില്‍ നിന്ന് സ്റ്റോപ്പ് മെമോ കൊടുത്തിട്ടുണ്ട്.

തിക്കോടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ഭാഗത്ത് മറ്റൊരു വ്യക്തിയും തീരം കയ്യേറി നികത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെതിരെ അടുത്ത ദിവസം തന്നെ പരാതി കൊടുക്കും.

അടുത്തിടെയാണ് അകലാപ്പുഴ പ്രധാന ടൂറിസം കേന്ദ്രമായി മാറിയത്. പുഴയിലൂടെയുള്ള ബോട്ടിങ് ആണ് ഇവിടെയുള്ള പ്രധാന ആകര്‍ഷണം. നിരവധി പേരാണ് ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്.

ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞ അകലാപ്പുഴ കായലിൽ സ്ഥായിയായതും ആസൂത്രിതമായതുമല്ലാത്ത നിർമാണ പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് എ.ഐ.വൈ.എഫിന്റെ ആരോപണം. കായലിൻ്റെ സൗന്ദര്യമാണ് ജനങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്.

അകലാപ്പുഴ മത്സ്യസമ്പത്തിൻ്റെ പ്രജനന സ്ഥലമായ കായലോരങ്ങളിലെ തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും കായലോരവും നികത്തിയുള്ള നിർമ്മാണ പ്രവൃത്തി പുഴയുടെ സൗന്ദര്യം നശിപ്പിക്കുന്നതോടൊപ്പം പുഴയിലെ മത്സ്യസമ്പത്തിൻ്റെ നാശത്തിന് കൂടി ഇടയാകുന്നു. ഇത് ഭാവി ടൂറിസം വികസനത്തിനും പുഴയിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ച് കഴിയുന്ന മത്സ്യതൊഴിലാളികളുടെ തൊഴിലിൻ്റെ നാശത്തിനും കൂടി ഇടയാക്കുമെന്നും എ.ഐ.വൈ.എഫ് പറയുന്നു.

പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയിലും പ്രദേശങ്ങളിലും വലിച്ചെറിയുന്നത് പ്രദേശത്തെ ജീവിതം ദുരിതപൂർണമാക്കുന്നുവെന്ന പ്രശ്നവുമുണ്ട്. ഇതെല്ലാം പരിഹരിച്ചുകൊണ്ട് അകലാപ്പുഴ ടൂറിസം വികസനത്തിന് ആസൂത്രിതവും നിയന്ത്രിതവുമായ വികസനപദ്ധതികൾ വേണമെന്നാണ് എ.ഐ.വൈ.എഫ് ആവശ്യപ്പെടുന്നത്.

വീഡിയോ കാണാം:

ചിത്രങ്ങൾ കാണാം: