ആറുമാസത്തോളമായി തുറന്നുപ്രവര്‍ത്തിച്ചിട്ട്; മൂന്ന് വര്‍ഷം മുമ്പ് പണിത കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറി കാടുപിടിച്ച നിലയില്‍


കാപ്പാട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കാപ്പാട് ടൂറിസം കേന്ദ്രത്തിന് സമീപം നിര്‍മ്മിച്ച സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറി ഉപയോഗിക്കാതെ കാടുപിടിച്ച നിലയില്‍. ചിത്രപ്രദര്‍ശനം, ചരിത്ര മ്യൂസിയം, ചരിത്ര ലൈബറി എന്നിവ സജ്ജീകരിക്കാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിച്ച കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഗേറ്റും മുറ്റവുമെല്ലാം പുല്ലും കാടും വളര്‍ന്ന് കാടുപിടിച്ച നിലയിലാണ്. ആറുമാസത്തോളമായി ഇവിടെ പ്രദര്‍ശന പരിപാടികളൊന്നും നടന്നിട്ടില്ല.

2020 സെപ്റ്റംബര്‍ 11നാണ് എം.എല്‍.എ ആയിരുന്ന ജോണ്‍ ഫെര്‍ണാണ്ടസ് ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്തത്. കേരള നിയമസഭയിലെ മുന്‍ പ്രതിനിധിയായ സൈമണ്‍ ബ്രിട്ടോയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 15ലക്ഷം രൂപയും ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എയുടെ ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം രൂപയും ചെലവഴിച്ചാണ് ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ചത്.

ഉദ്ഘാടനത്തിന് പിന്നാലെ ഇവിടെ ചിത്രപ്രദര്‍ശനവും നടന്നിരുന്നു. ചിത്രപ്രദര്‍ശനം നടത്തുന്നവരില്‍ നിന്നും ചെറിയ വാടക ഈടാക്കി ഗ്യാലറിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിച്ചത്. കാപ്പാട് ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടമായതിനാല്‍ ടൂറിസ്റ്റുകളെക്കൂടി ലക്ഷ്യമിട്ട് പ്രദര്‍ശനം നടത്താമെന്ന രീതിയിലാണ് ആര്‍ട്ട് ഗ്യാലറിയുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരുന്നത്. ഇതിനകം അഞ്ചെട്ട് പ്രദര്‍ശന പരിപാടികളാണ് ഇവിടെ നടന്നത്.

ഇത്രയും തുക നിര്‍മ്മിച്ച് പണിതുയര്‍ത്തിയ കെട്ടിടം ഒന്നിനും പ്രയോജനപ്പെടുത്താത്ത അവസ്ഥയാണ് നിലവിലുള്ളത്. ആര്‍ട്ട് ഗ്യാലറിയില്‍ സ്ഥിരം ചിത്രപ്രദര്‍ശനത്തിനും ചരിത്രമ്യൂസിയമാക്കി മാറ്റാനുമുള്ള നടപടിയുണ്ടാവണമെന്നാണ് കലാകാരന്മാരുടെ ആവശ്യം.