കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയം; ചര്‍ച്ചയ്ക്കുശേഷം തള്ളിയതായി ചെയര്‍പേഴ്‌സണ്‍


കൊയിലാണ്ടി: ഗവ.താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭയില്‍ യു.ഡി.എഫിന്റെ അടിയന്തര പ്രമേയം.യു.ഡി.എഫ് കൗണ്‍സിലര്‍മാരായ എ.അസീസും മനോജ് പയറ്റുവളപ്പിലും ആണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ആദ്യം ചെയര്‍പേഴ്‌സണ്‍ തള്ളിയെങ്കിലും ഇതിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അടിയന്തര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തതായി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.

താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിച്ച് കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനം പാവപ്പെട്ടരോഗികള്‍ക്ക് ആശ്വാസകരമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായിരുന്നു അടിയന്തര പ്രമേയം.

എന്നാല്‍ അടിയന്തര പ്രമേയമായി വിഷയം പരിഗണിച്ചിട്ടില്ലെന്നാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കെ.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഒരു പ്രമേയമായി പരിഗണിച്ച് ഏറ്റവും അവസാനം ഈ വിഷയം ചര്‍ച്ച ചെയ്യുകയാണുണ്ടായതെന്ന് അവര്‍ വ്യക്തമാക്കി. ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാല്‍ പ്രമേയം തള്ളുകയാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

2000 ത്തോളം രോഗികള്‍ ദിനംപ്രതി ആശുപത്രിയില്‍ എത്തുമ്പോള്‍ അവരെ പരിശോധിക്കാന്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കോവിഡും പകര്‍ച്ചപ്പനിയും ദിനേന കൂടി വന്നിട്ടും ആശുപത്രിയില്‍ ഇതുവരെ പനി ക്ലിനിക്ക് ആരംഭിച്ചിട്ടില്ല.

പനിയുമായി വരുന്ന രോഗികള്‍ അഞ്ച് മണിക്കൂറിലേറെ ക്യൂവില്‍ നില്‍ക്കേണ്ട ഗതികേടാണ് ഈ ആശുപത്രിയില്‍ കണ്ടുവരുന്നത്. രാത്രികാലങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമാണ് രോഗികളെ പരിശോധിക്കാന്‍ ഈ വലിയ ആശൂപത്രിയിലുള്ളത്. ആശുപത്രിയിലെ സൂപ്രണ്ടിന്റെ ഒഴിവ് ഒരു വര്‍ഷമായിട്ടും നികത്താന്‍ പോലും കഴിഞ്ഞിട്ടില്ല. ഇങ്ങനെ നിരവധി ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു പ്രമേയം.

പ്രമേയം തള്ളിയ ചെയര്‍പേഴ്‌സെന്റെ നടപടിയില്‍ യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി യോഗം ശക്തമായി പ്രതിഷേധിച്ചു.പി.രത്‌ന വല്ലി, വി.പി.ഇബ്രാഹിം കുട്ടി, മനോജ് പയറ്റുവളപ്പില്‍, കെ.എം.സജീബ്, എ.അസീസ്, പുനത്തില്‍ ജമാല്‍, പി.പി.ഫാസില്‍, വി.വി. ഫക്രുദ്ധീന്‍, രജീഷ് വെങ്ങളത്തു കണ്ടി, വത്സരാജ് കേളോത്ത്, അരീക്കല്‍ ഷീബ, ദൃശ്യ, റഹ്‌മത്ത്, ജിഷ പുതിയേടത്ത്, കെ.എം.സുമതി, ഷൈലജ സംസാരിച്ചു.