നടനും മിമിക്രി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; അപകടം ഇരിങ്ങലില്‍ പരിപാടി കഴിഞ്ഞ് മടങ്ങവെ


വടകര: സീരിയല്‍ – സിനിമ-മിമിക്രി താരം കൊല്ലം സുധി തൃശ്ശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നില്‍ ആയിരുന്നു അപകടം. വടകര ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റില്‍ നടന്ന വാര്‍ത്താ ചാനലായ 24 കണക്ട് പ്രോഗ്രാമിന്റെ ഭാഗമായുള്ള മെഗാഷോയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഫ്ളവേഴ്‌സ് ചാനല്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരിക്കേറ്റ മറ്റുള്ളവരെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ചാനല്‍ പരിപാടികളുടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമായിരുന്നു സുധി. 2015ല്‍ പുറത്തിറങ്ങിയ കാന്താരിയാണ് കൊല്ലം സുധി അഭിനയിച്ച ആദ്യ ചിത്രം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍,കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്,സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.