‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്’ എന്ന പരസ്യമുന്നറിയിപ്പ്: ‘ന്നാ താന്‍ കേസ് കൊട് സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം; മറുപടിയുമായി കുഞ്ചാക്കോബോബന്‍


കോഴിക്കോട്: കുഞ്ചാക്കോബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം. ഇന്ന് റിലീസ് ചെയ്യുന്ന ചിത്രത്തിലെ പരസ്യത്തിന്റെ പോസ്റ്ററില്‍ ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന് രേഖപ്പെടുത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം.

റോഡിലെ കുഴിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതി വരെ സര്‍ക്കാറിനെ വിമര്‍ശിച്ച സാഹചര്യത്തില്‍ ഇത്തരമൊരു പരസ്യവാചകം സംസ്ഥാന സര്‍ക്കാറിനെതിരെ ലക്ഷ്യമിട്ടാണ് പോസ്റ്ററില്‍ ചേര്‍ത്തതെന്ന് ആരോപിച്ച് ഇടത് അനുകൂലികളില്‍ ചിലര്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം തന്നെ പരസ്യത്തിന്റെ പേരില്‍ സിനിമയെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടുമായി ഇടതുസഹയാത്രികളില്‍ തന്നെ ഒരുവിഭാഗവുമുണ്ട്.

സൈബര്‍ ഇടങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായതോടെ നടന്‍ കുഞ്ചാക്കോബോബന്‍ ഇത് സംബന്ധിച്ച് വിശദീകരണവുമായി രംഗത്തുന്നിട്ടുണ്ട്. ഏതെങ്കിലും ഒരു രാഷ്ട്രീയ ജനവിഭാഗത്തെ മാത്രം ടാര്‍ഗറ്റ് ചെയ്തുകൊണ്ടല്ല സിനിമ എടുത്തിരിക്കുന്നതെന്നും മാറിമാറി ഭരിക്കുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടി ആണെങ്കിലും സാധാരണക്കാരന്റെ അവസ്ഥ മനസിലാക്കണമെന്നാണ് ഇതിലൂടെ പറയുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.


കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ഇങ്ങനെ:

പറയുന്ന കാര്യങ്ങളില്‍ ഒരു സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളത് ചെയ്യേണ്ട കാര്യങ്ങള്‍ തയാണ്. അതിനെക്കാള്‍ ഉപരി ബ്രോഡ് ആയി ചിന്തിച്ച് മറ്റുള്ള തലങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. ഈ സിനിമയില്‍ കുഴിമാത്രമല്ല പ്രശ്‌നം. കുഴി ഒരു പ്രധാനകാരണമാണ്. അത് ഏതൊക്കെ രീതിയില്‍ സാധാരണക്കാരനെ ബാധിക്കുന്നുവെന്നത് കോമഡിയുടെയും സറ്റയറിന്റെയും പിന്തുണയോടെ പറയുന്ന ഒരു ഇമോഷണല്‍ ഡ്രാമയാണ് സിനിമ. ഏതെങ്കിലും ഒരു രാഷ്ട്രീയ- ജനവിഭാഗത്തെ മാത്രം ടാര്‍ഗെറ്റ് ചെയ്തു കൊണ്ടുള്ള രീതിയിലല്ല സിനിമ എടുത്തിരിക്കുന്നത്. മാറിമാറി ഭരിക്കുന്ന ഏത് രാഷ്ട്രീയ പാര്‍ട്ടി ആണെങ്കിലും നമ്മുടെ സാധാരണകാരന്റെ അവസ്ഥ മനസ്സിലാക്കണം. ഏതൊക്കെ തലത്തിലാണ് ഇവിടെ പ്രശ്‌നങ്ങള്‍ നടക്കുന്നതെന്ന് വളരെ സിമ്പിളായിട്ട് ഹ്യൂമറിന്റെ അകമ്പടിയോടെ സിനിമ പറയുന്നു. ഈ സിനിമ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയയോ സര്‍ക്കാരിനെയോ ടാര്‍ഗെറ്റ് ചെയ്യുന്നതല്ല. സിനിമ നടക്കുന്ന കാലഘട്ടം പോലും അങ്ങനെയാണ് നമ്മള്‍ ചെയ്തിരിക്കുന്നത്.


കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ഇന്ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു’ ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്.