മയക്കുമരുന്ന് കേസില്‍ പിടിയിലായി ജയിലില്‍ നിന്നിറങ്ങിയശേഷം വീണ്ടും ലഹരിവില്‍പ്പന; കാപ്പ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി കോഴിക്കോട് പിടിയില്‍


കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി കോഴിക്കോട് പിടിയില്‍. വെള്ളയില്‍ നാലുകുടി പറമ്പ് ഹാഷിമിനെയാണ് (50) അറസ്റ്റ് ചെയ്തത്. ഇയാള്‍ മാങ്കാവിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കാപ്പ (പിറ്റ് എന്‍.സി.പി.എസ്) ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച പുറത്തിറങ്ങിയതാണ് ഹാഷിം. എന്നാല്‍ ജയിലില്‍ നിന്ന് ഇറങ്ങിയശേഷവും ലഹരിവില്‍പ്പന തുടരുകയായിരുന്നു. ജനുവരി 27ന് ഓപറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി വെള്ളയില്‍ പൊലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. റൂമിലെ കട്ടിലിനടിയില്‍നിന്ന് അരക്കിലോയില്‍ അധികം കഞ്ചാവും 200 ഗ്രാമോളം മെത്താഫിറ്റമിനുമാണ് പിടിച്ചെടുത്തത്.

അന്ന് ഇയാള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയതോടെ പിന്‍ഭാഗത്തുകൂടി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ജില്ല ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അനൂജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും ഇന്‍സ്‌പെക്ടര്‍ ഹരീഷിന്റെ നേതൃത്വത്തിലുള്ള വെള്ളയില്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഹാഷിമിനെ വിശദമായി ചോദ്യം ചെയ്തതില്‍നിന്ന് ലഹരിമരുന്ന് ലഭിക്കുന്ന സ്ഥലത്തെക്കുറിച്ചും എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സഹായിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ് കമീഷണര്‍ ജേക്കബ് പറഞ്ഞു.