ഭാര്യയുടെ പരാതിയില്‍ അന്വേഷണത്തിന് ചെന്ന പൊലീസുകാരെ വടിയും കത്തിയും കൊണ്ട് ആക്രമിച്ച് പ്രതി; കൊയിലാണ്ടിയില്‍ എ.എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്
കൊയിലാണ്ടി: വീട്ടില്‍ ശല്യമുണ്ടാക്കുന്നുവെന്നാരോപിച്ച് ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പോലീസിനുനേരെ ഭര്‍ത്താവിന്റെ ആക്രമണം. വടികൊണ്ടും കത്തികൊണ്ടുമുള്ള ആക്രമണത്തില്‍ കൊയിലാണ്ടി എ.എസ്.ഐ. അടക്കം മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് ജീപ്പും തകര്‍ത്തു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ചെങ്ങോട്ട്കാവ് മാടാക്കരയായിരുന്നു സംഭവം. മൂന്നു കുടിക്കല്‍ റൗഫ് (38) ആണ് പോലീസിനെ ആക്രമിച്ചത്.എ.എസ്.ഐ.വിനോദ്, എസ്.സി.പി. ഒ, ഗംഗേഷ്, ഹോം ഗാര്‍ഡ് സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
റൗഫ് വീട്ടില്‍ വെച്ച് ഭാര്യ റുബീനയെയും മൂന്നു മക്കളെയും പുറത്താക്കി വാതിലടക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഭാര്യ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇക്കാര്യം അന്വേഷിക്കാനാണ് പൊലീസുകാര്‍ മാടാക്കരയിലെ റൗഫിന്റെ വീട്ടിലെത്തിയത്. പൊലീസുകാരെ വടികൊണ്ട് നേരിടുകയാണ് റൗഫ് ചെയ്തത്. തുടര്‍ന്ന് അകത്തുപോയി കത്തിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.
എ.എസ്.ഐ വിനോദിന് തലയ്ക്കാണ് പരിക്കേറ്റത്. വടികൊണ്ട് അടിക്കുകയായിരുന്നു. ഗംഗേഷിന്റെയും സുരേഷിന്റയും, സമയോചിതമായ ഇടപെടല്‍ കാരണം വിനോദ് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതി സ്വയം തല ഭിത്തിയിലിടിച്ച് പൊട്ടിച്ച് പരിക്കേല്‍പ്പിച്ചു. കൊയിലാണ്ടിയില്‍ നിന്നും കൂടുതല്‍ പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മജിസ്‌ട്രേട്ടിന്റ നിര്‍ദേശപ്രകാരം പോലീസ് കാവലില്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടി സി.ഐ.എം പി.ബിജു, എസ്.ഐ.വി.അനീഷ്, എം.പി. ശൈലേഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.
റൗഫ് നേരത്തെയും പൊലീസിനെ ആക്രമിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ബിയര്‍ കുപ്പി പൊട്ടിച്ച് ഒരാളെ കുത്തിയ കേസില്‍ റൗഫിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ പൊലീസിനെ ആക്രമിക്കുകയായിരുന്നു.