കിണര്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണു; യുവാവിനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് അഗ്നിരക്ഷാ സേന


കൊയിലാണ്ടി: കിണര്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവിനെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കണയങ്കോട് താഴെ കോറോത്ത് പ്രബല്‍ കുമാറാണ് കിണറ്റില്‍ വീണത്. കണയങ്കോട് ഗ്യാസ് ഗോഡൗണിന് സമീപം രാവിലെ ഒമ്പതരയോടെയാണ് സംഭവം.

കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുമ്പോള്‍ കൈക്കുഴ തെറ്റി കിണറില്‍ വീഴുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേന സ്റ്റേഷന്‍ ഓഫീസര്‍ സിപി ആനന്ദന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തുകയും റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് യുവാവിനെ പുറത്തെടുത്ത് ഹോസ്പിറ്റലില്‍ എത്തിക്കുകയുമായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ.പ്രമോദ്, എസ്.എഫ്.ആര്‍.ഒ.പ്രദീപ്, കെ.ഹേമന്ത്, ബബീഷ്, സനല്‍രാജ് ബിനീഷ്, റിനീഷ്, സജിത്ത്, രാജീവ്, ബാലന്‍ എന്നിവരും രക്ഷപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.