താമരശ്ശേരി ചുരത്തിൽ വാഹനാപകടം; പിക്കപ്പ് ലോറി 20 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞു


കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം. ചുരത്തിലെ നാലാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് 20 മീറ്റർ താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു. പുലർച്ചെ 1.30 ആയിരുന്നു അപകടം ഉണ്ടായത്.

കർണാടകയിൽ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ കർണാടക സ്വദേശികളായ ഡ്രൈവറെയും സഹായിയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഇതുവഴി കടന്നുവന്ന വാഹനങ്ങളിലെ യാത്രക്കാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിക്കപ്പ് വാൻ ചുരത്തിൽ നിന്ന് മാറ്റി ​ഗതാ​ഗതം പുനസ്ഥാപിച്ചിട്ടുണ്ട്.