1991 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോ-ലീ-ബി സഖ്യത്തിൻ്റെ ആദ്യ പരീക്ഷണ ശാലയായി വടകര; ചരിത്രം ആവർത്തിക്കുമോ?
പി.കെ രവീന്ദ്രനാഥന്‍
കൊയിലാണ്ടി: 1991ൽ നടന്ന പത്താം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കിയത് വടകര മണ്ഡലത്തിലേക്കായിരുന്നു. കോൺഗ്രസ് (എസ്) അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.പി ഉണ്ണികൃഷ്ണനും സ്വതന്ത്ര സ്ഥാനാർത്ഥിയായി അഡ്വ കെ. രത്നസിംഗുമായിരുന്നു മത്സരിച്ചത്. രത്നസിംഗിനെ പിന്തുണച്ചത് കോൺഗ്രസ് (ഐ) മുസ്ലിം ലീഗ്, ബി.ജെ.പി എന്നീ കക്ഷികളായിരുന്നു.
5 തവണ വടകരയിൽ നിന്ന് തിരഞ്ഞെടുത്ത കെ.പി ഉണ്ണികൃഷ്ണന്റെ ഡൽഹിയിലേക്കുള്ള വരവ് തടയാൻ കോൺഗ്രസ് തയ്യാറാക്കിയ പദ്ധതിയായിരുന്നു പിൽക്കാലത്ത് രാഷ്ട്രീയ ചരിത്രത്തിൽ അറിയപ്പെട്ട കോലീബി സഖ്യമെന്ന് കെ.പി ഉണ്ണികൃഷ്ണന്റെ ജീവചരിത്രകാരൻ രേഖപ്പെടുത്തുന്നുണ്ട്. അറ്റകൈ എന്ന നിലയിൽ അപരൻ പി. ഉണ്ണികൃഷ്ണനേയും ഇറക്കി. പാർലമെന്റിൽ അന്നത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയ്ക്കെതിരെ ബൊഫോഴ്‌സ് ഇടപാട് സംബന്ധിച്ച് തെളിവുകൾ ഉന്നയിച്ച് രാജീവിനെ നേരിട്ടത് കെ.പി ഉണ്ണികൃഷ്ണനായിരുന്നു. ഇനി ഒരിക്കലും കെ.പി ഉണ്ണികൃഷ്ണൻ പാർലമെന്റിൽ എത്തരുതെന്ന് കോൺഗ്രസ് തീരുമാനിച്ചതായും ഗ്രന്ഥകാരൻ പറയുന്നുണ്ട്.
വടകരയിൽ ചേർന്ന തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണയോഗത്തിൽ ആർ.എസ്.എസിന്റെ വോട്ടു നേടി തനിക്ക് പാർലമെന്റിൽ പോവേണ്ടന്ന് പരസ്യമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഏവരേയും അതിശയിപ്പിച്ചു കൊണ്ട് 17,489 വോട്ടിന് കെ.പി ഉണ്ണികൃഷ്ണൻ ആറാം തവണയും വടകരയിൽ നിന്ന് വിജയിക്കുകയും വി.പി സിംഗ് മന്ത്രിസഭയിൽ ടെലികോം ഷിപ്പിംഗ് ഉപരിതലഗതാഗത വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയാവുകയും ചെയ്തു.
ബി.ജെ.പിയും യു.ഡി എഫും വടകരയിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ബേപ്പൂർ അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ കെ.മാധവൻകുട്ടിക്ക് യു.ഡി എഫും വോട്ടുചെയ്തു അവിടെയും ഇടത് സ്ഥാനാർത്ഥിയായ ടി.കെ. ഹംസ വിജയിക്കുകയും ചെയ്തു . ഈ സംഭവത്തോടെയാണ് കോലീബി എന്ന രാഷ്ട്രീയമുദ്രാവാക്യം കേരളത്തിൽ പ്രചാരത്തിൽ വന്നത്. കാലം ഏറെ കഴിഞ്ഞു. 18-ാമത് പാർലമെന്റ് തിരഞ്ഞെടുപ്പ് ആസന്നമായതോടെ പുതിയ അന്തർധാരകളും കൊടുക്കൽവാങ്ങലുകളും കളംനിറഞ്ഞു കൊണ്ടിരിക്കുകയാണ്.