കൊയിലാണ്ടിയ്ക്കും അഭിമാനിക്കാം, ഏഴ് വര്‍ഷത്തെ കഠിന പരിശീലനം; അണ്ടര്‍ 19 ക്രിക്കറ്റ് എലൈറ്റ് ക്യാമ്പിലേക്ക് അര്‍ഹത നേടി പന്തലായനി സ്വദേശി അഭിറാം എസ്


കൊയിലാണ്ടി: ഏഴാം ക്ലാസ് മുതലുളള കഠിനമായ പരിശീലനത്തിന്റെ ഫലം. അണ്ടര്‍ 19 ക്രിക്കറ്റ് എലൈറ്റ് ക്യാമ്പിലേക്ക് അര്‍ഹത നേടി പന്തലായനി കാട്ടുവയല്‍ സ്വദേശി അഭിറാം എസ്. അധ്യാപക ദമ്പതികളായ പന്തലായനി കാട്ടുവയല്‍ സ്വദേശി സുനില്‍ കുമാറിന്റെയും അനുപമയുടെയും മകനാണ് അഭിറാം എസ് . സ്‌കൂള്‍ കാലഘട്ടം മുതല്‍ ക്രിക്കറ്റാണ് തന്റെ ലോകമെന്ന് തിരിച്ചറിഞ്ഞ് പഠനത്തോടൊപ്പം കഠിനമായി പരിശ്രമിച്ചിരുന്നു അഭിറാം. നിലവില്‍ എലൈറ്റ് ക്യാമ്പിലേയ്ക്ക് കേരളത്തില്‍ നിന്നും നാല് പേര്‍ക്കാണ് യോഗ്യത നേടിയിരിക്കുന്നത്.

തൃശ്ശൂര്‍,പാലക്കാട്,തിരുവന്തപരം എന്നീ ജില്ലകളില്‍ നിന്നുമാണ് മറ്റ് മൂന്ന് പേര്‍ക്ക് സെലക്ഷന്‍ ലഭിച്ചിട്ടുളളത്. ഏഴുവന്‍ഷത്തോളമായി ശ്രീറാം ക്രിക്കറ്റ് പരിശീലനം നേടിവരികയാണ്. കാരപ്പറമ്പ് സസെക്‌സ് ക്രിക്കറ്റ് അക്കാദമിയില്‍ സന്തോഷ് സാറിന്റെ കീഴിലാണ് അഭിറാം പരിശീലനം നടത്തിവരുന്നത്. സ്‌കൂള്‍ തലത്തിലും സംസ്ഥാന തലത്തില്‍ അണ്ടര്‍ 13,14,16,19 എന്നീ വിഭാഗങ്ങളില്‍ തുടര്‍ച്ചയായി മത്സരത്തിന് ഇറങ്ങാറുണ്ടായിരുന്നു.

ഏപ്രില്‍ 25ന് രാജ്‌ഘോട്ടില്‍ വച്ച് ഇന്ത്യന്‍ ടീമിലേയ്ക്കായി ഒരുമാസത്തെ ആദ്യ ക്യാമ്പിലാണ് അഭിറാമിന് സെലക്ഷന്‍ ലഭിച്ചിരിക്കുന്നത്. സ്‌റ്റേറ്റ് മത്സരങ്ങളില്‍ കുച്ച്ഭിനാര്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് അഭിറാമിന് ഇത്തരമൊരു അവസരം ലഭിച്ചിരിക്കുന്നത്.

പ്ലസ്ടു പഠനത്തിന് ശേഷം തുടര്‍ പഠനത്തിന് പോകാതെ ക്രിക്കറ്റില്‍ മുഴുവനായും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് അഭിറാമിന്റെ മാതാപിതാക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തന്റെ ലക്ഷ്യം ഇന്ത്യന്‍ ടീമില്‍ എത്തിപ്പെടണമെന്ന് ആണെന്ന് അഭാറാമിന്റെ രക്ഷിതാക്കളും മനസ്സിലാക്കിയതോടെ വലിയ പിന്തുണയാണ് ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായത്. മകന്റെ ആത്മാര്‍ത്ഥമായ ക്രിക്കറ്റ് ഇഷ്ടത്തെ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഇരുവരും മനസ്സിലാക്കിയിരുന്നു.

പി.വിഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അഭിറാം പഠനം പൂര്‍ത്തിയാക്കിയത്. അമ്മ അനുപമ അവിടെ തന്നെ സ്‌കൂളിലെ കെമിസട്രി അധ്യാപികായിരുന്നു. മകന്റെ ക്രിക്കറ്റിനോടുളള താത്പര്യത്തെ പൂര്‍ണ്ണപിന്തുണ നല്‍കുകയും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും അഭിറാമിന്റെ അമ്മ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അച്ഛന്‍ സുനില്‍കുമാറും പെരുമണ്ണ സ്‌കൂളിലെ കണക്ക് അധ്യാപകനാണ്. മകന്‍ പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും പൂര്‍ണ്ണ പിന്തുണയുമായി അധ്യാപകന്‍ കൂടിയായ അച്ഛന്‍ ഉണ്ടായിരുന്നു.

മകന് ഇന്ത്യന്‍ ടീമില്‍ കളിക്കുവാനുളള അവസരം ലഭിക്കട്ടെയെന്നാണ് ഇരുവരുടെയും പ്രാര്‍ത്ഥന. മകന്റെ നേട്ടത്തില്‍ ഏറെ അഭിമാനമുണ്ടെന്നും അഭിറാമിന്റെ മാതാപിതാക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സഹോദരന്‍: അനിദ് റാം