തിയേറ്റര്‍ പരിശീലനവും നാടകാവതരണവും; കുട്ടികളില്‍ ആനന്ദം പകരുവാന്‍ പൂക്കാട് കലാലയം ഒരുക്കുന്ന ‘കളിആട്ടം’ ക്യാമ്പിന് തുടക്കം


കൊയിലാണ്ടി: കുട്ടികള്‍ക്കായി പൂക്കാട് കലാലയം ഒരുക്കുന്ന ‘കളിആട്ടം’ ക്യാമ്പിന് തുടക്കം. മറ്റുള്ളവര്‍ക്ക് വേണ്ടി തോല്‍ക്കാന്‍ മനസ്സുള്ളവരെ സൃഷ്ടിക്കുകയും കുട്ടികളില്‍ ആനന്ദം കരുപിടിപ്പിക്കുകയും ചെയ്യുന്ന മാനവോത്സവമാണ് പൂക്കാട്കലാലയം ഒരുക്കുന്ന കളിആട്ടം എന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന കളിആട്ടം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനീകരണത്തിനും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയ്ക്കുമിടയില്‍ നമ്മുടെ നാടോടി സംസ്‌കൃതി നഷ്ടപ്പെടാതെ ചേര്‍ത്തുപിടിക്കാന്‍ കളി ആട്ടം പരിശീലന കളരികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കായി ദിവസവും തിയേറ്റര്‍ പരിശീലനവും കുട്ടികള്‍ നയിക്കുന്ന നാടകസംഘങ്ങളുടെ നാടകാവതരണവും നടക്കും. കുട്ടികളുടെ നാടകോത്സവം ചലിച്ചിത്ര നാടക നടന്‍ ടി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

 

ഒന്നാം ദിവസം സംസ്ഥാന ഹയര്‍ സെക്കണ്ടറി കലോത്സവത്തിലെ മികച്ച നാടകം ‘കുമരു’ ജി.എച്ച് എസ് എസ് കോക്കല്ലൂരും
ദേശീയ ശാസ്ത്ര നാടകോത്സവത്തില്‍ അവതരിപ്പിച്ച ശാസ്ത്രനാടകം’ ന്നാ പറക്കാം’ എല്‍.എസ് എന്‍ ഗേള്‍സ് എച്ച് എസ് എസ്. ഒറ്റപ്പാലവും അവതരിപ്പിച്ചു. വിദ്യാരംഗം ജില്ലാ കോ- ഓഡിനേറ്ററും കളിആട്ടം സ്വാഗത സംഘം ചെയര്‍മാനുമായ ബിജു കാവില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂര്‍ മുഖ്യഭാഷണം നടത്തി.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, കൊയിലാണ്ടി എ.ഇ.ഒ. ഗിരീഷ് കുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പിണണി ഗായകനും സുവര്‍ണ ജൂബിലി ചെയര്‍മാനുമായ വി.ടി. മുരളി സ്‌നേഹോപഹാരം നല്‍കി. ക്യാമ്പ് ഡയറക്ടര്‍ മാനോജ് നാരായണന്‍ ‘കളിആട്ടം’ സന്ദേശം നല്‍കി. ക്യാമ്പ് കോ ഓഡിനേറ്റര്‍ എ.അബൂബക്കര്‍ കളി ആട്ടം നടപടികള്‍ വിശദീകരിച്ചു. ശിവദാസ് കാരോളി സ്വാഗതവും സുനില്‍ തിരുവങ്ങൂര്‍ നന്ദിയും പറഞ്ഞു. 500 ഓളം വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കാളികളായുളളത്. പ്രമുഖരുമായുള്ള സംവാദവും സല്ലാപവും ഇതിന്റെ ഭാഗമായി നടക്കും.