‘മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ തള്ളികളയാന്‍ സാധിക്കില്ല, പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി’; വടകരയിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച കോണ്‍ഗ്രസ് നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


വടകര: കേരളത്തിലെ ഏറ്റവും സീനിറായ നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ ഉറപ്പിനാലാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതെന്ന് വടകരയിലെ യുഡിഎഫ് വിമതന്‍ കോണ്‍ഗ്രസ് നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

എന്നും താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിട്ട് എവിടെയും പോയിട്ടില്ലെന്നും, ഇനി മുതല്‍ വടകര പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വീട്ടിലെത്തിയാണ് റഹീം കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്നാണ് റഹീം മുന്നോട്ട് വച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണമെന്ന് മുല്ലപ്പള്ളി വാക്ക് നല്‍കിയത്. ശേഷം ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാറിനെ മുല്ലപ്പള്ളി വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കേരളത്തിലെ മുതിര്‍ന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ തള്ളികളയാന്‍ സാധിക്കില്ലെന്നും അദ്ദേഹവുമായി തനിക്കുള്ള ആത്മബന്ധം വളരെ വലുതാണെന്നും അദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നുവെന്നും റഹീം പറഞ്ഞു.

എപ്രില്‍ നാലിനാണ് അബ്ദുള്‍ റഹീം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ ”പാര്‍ട്ടിയിലെ അന്യായമായ നീതി നിഷേധത്തിനെതിരെയും വര്‍ഗീയ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്ന ചെയ്യുന്ന കോഴിക്കോട്ടെ ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകള്‍ക്കും എതിരെയാണ് താന്‍ പത്രിക സമര്‍പ്പിച്ചതെന്ന് അബ്ദുള്‍ റഹീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞിരുന്നു.