തലയെടുപ്പോടെ അണിനിരന്നത് എട്ട് ഗജവീരന്മാര്‍; ശക്തന്‍കുളങ്ങര ക്ഷേത്രോത്സവത്തോടനുന്ധിച്ച് നടന്ന ആനയൂട്ട് ഭക്തിനിര്‍ഭരമായി (വീഡിയോ കാണാം)
കൊയിലാണ്ടി: ഭക്തി നിര്‍ഭരമായി ശക്തന്‍ കുളങ്ങര ക്ഷേത്രത്തിലെ ആനയൂട്ട്. ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന ആനയുട്ടില്‍ എട്ട് ഗജന്മാര്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് ഇല്ലത്ത് കുബേരന്‍ സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ആനയൂട്ട് നടന്നത്.
കളപ്പുരക്കല്‍ ശ്രീദേവി, ചീരോത്ത് രാജീവ്, ഗുരുവായൂര്‍ ചെന്താമരാക്ഷന്‍, നന്ദിലത്ത് ഗോവിന്ദ് കണ്ണന്‍, തളാപ്പ് പ്രസാദ്, അക്കരമ്മല്‍ ശേഖരന്‍, കടേക്കച്ചാല്‍ ഗണേശന്‍, ഓലയബാടി മണികണ്ഠന്‍ തുടങ്ങിയ ആനകളാണ് ഊട്ടില്‍ പങ്കെടുത്തത്. ആനപ്രേമി സംഘം ഇല്ലത്ത് താഴ ക്ഷേത്ര കമ്മറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രന്‍ പുത്തന്‍പുരയില്‍, സെക്രട്ടറി ബാലകൃഷണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആനപ്രേമികളും ഭക്തജനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ആനയൂട്ട് കാണാനായി ക്ഷേത്ര സന്നിദ്ധിയിലെത്തിയത്.
മഹോത്സവത്തിന്റെ സമാപന ദിവസമായ നാളെ കുളിച്ചാറാട്ട് നടക്കും. അഞ്ച് ആനകളാണ് ഇതില്‍ എഴുന്നള്ളുക. തുടര്‍ന്ന് നൂറോളം വാദ്യ കലാകാരന്മാര്‍ പങ്കെടുക്കുന്ന പാണ്ടിമേളവുമുണ്ടാകും. അനിയന്‍കുട്ടന്‍ മാരാരുടെ നേതൃത്വത്തിലാണ് പാണ്ടിമേളം നടക്കുക.