വ്യാജരേഖ ചമച്ച് വഞ്ചിച്ചതായി പരാതി; കോക്കല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ബാലുശ്ശേരി പോലീസ് കേസെടുത്തു


ബാലുശ്ശേരി: വ്യാജരേഖ ചമച്ച് വഞ്ചിച്ചെന്ന കോക്കല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് ബാലുശ്ശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്.

വായ്പ അപേക്ഷയില്‍ കൃത്രിമം കാണിച്ച് വ്യാജരേഖകള്‍ ഉണ്ടാക്കി ഫെഡറല്‍ ബാങ്ക് ബാലുശ്ശേരി ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍ എന്നിവര്‍ വഞ്ചിച്ചതായാണ് പരാതി. പ്രവാസിയും പീസ് ഇ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും സാമൂഹികപ്രവര്‍ത്തകനുമായ രബീഷ് കോക്കല്ലൂര്‍ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് നടപടി. പേരാമ്പ്ര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ബാലുശ്ശേരി പൊലീസിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

കോടതിയുടെ നിര്‍ദേശ പ്രകാരം കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബാലുശ്ശേരി പോലിസ് സ്‌റ്റേഷനിലെ എസ്.ഐ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

10.5 ശതമാനം പലിശനിരക്കില്‍ 16 ലക്ഷം രൂപയാണ് ഭവന വായ്പ ബാങ്ക് വാഗ്ദാനം ചെയ്തത്. ഇതിനായി ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ബാങ്കില്‍ സമര്‍പ്പി ച്ചു. ലോണ്‍ അനുവദിക്കണമെങ്കില്‍ കോഴിക്കോട് സഹകരണബാങ്കില്‍ ഉണ്ടായിരുന്ന ആറ് ലക്ഷം രൂപയുടെ വായ്പ അടച്ച് തീര്‍ത്ത് രേഖകള്‍ സമര്‍പ്പിക്കാന്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു 14 ശതമാനം പലിശനിരക്കിലുണ്ടായിരുന്ന വായ്പ അടച്ച് തീര്‍ത്ത് രേഖകള്‍ ബാങ്കില്‍ ഹാജരാക്കി.

ഭവന വായ്പ അപേക്ഷയോടൊപ്പം വാഹനവായ്പക്കുള്ള അപേക്ഷയും മാനേജര്‍ സമ്മര്‍ദം ചെലുത്തി ഒപ്പിടിച്ച് വാങ്ങിയതായി രബീഷ് പറഞ്ഞു. ഇതിനിടെ രബീഷിന് വിദേശത്തേക്ക് പോകേണ്ടതിനാല്‍ അച്ഛന്റെന്റെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടു.
ഭവന വായ്പ എഗ്രിമെന്റാണെന്ന് പറഞ്ഞ് അച്ഛനെ കൊണ്ട് 15.49 ശതമാനം പലിശയുള്ള വ്യക്തിഗത വായ്പ കരാറില്‍ ഒപ്പിടുവിച്ചു. നാട്ടിലെത്തിയ ബാങ്കില്‍നിന്നും കരാറിന്റെ പകര്‍പ്പ് വാങ്ങി പരിശോധിച്ചപ്പോഴാണ് നേരത്തെ വാഹനവായ്പക്കായി ഒപ്പിട്ട് വാങ്ങിയ അപേക്ഷയുടെ അവസാന പേജില്‍ കൃത്രിമം കാണിച്ച് വ്യാജരേഖ ഉണ്ടാക്കിയതായി അറിയുന്നതെന്നും രബീഷ് പറഞ്ഞു.

പരാതിപ്പെട്ട കാലയളവില്‍ വായ്പ വന്ന കുടിശ്ശികക്ക് ബാങ്ക് ജപ്തി നടപടി സ്വീകരിക്കുകയും കുടുംബത്തെ ഭീഷണിപ്പെടൂത്തുകയുമുണ്ടായി. ഇതിനെതിരെ ജില്ല കലക്ടര്‍ക്കും ബാലുശ്ശേരി പൊലീസിലും പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ നടന്ന മധ്യസ്ഥ തീരുമാനപ്രകാരം പലിശനിരക്കില്‍ രണ്ടു ശതമാനം ഇളവ് നല്‍കാമെന്നും കുടിശ്ശിക അഞ്ച് ദിവസംകൊണ്ട് 15.49 ശതമാനം പലിശനിരക്കില്‍ അടച്ച് തീര്‍ക്കാമെന്നും ധാരണയാകുകയും കുടിശ്ശിക അടച്ചുതീര്‍ക്കുകയും ചെയ്തു. എന്നാല്‍ രണ്ടു ശതമാനം ഇളവ് നല്‍കാന്‍ ബാങ്ക് തയാറായില്ല. 12 ലക്ഷം രൂപയുടെ ലോണിന് അഞ്ച് ലക്ഷം തിരിച്ചടച്ചിട്ടും ഇപ്പോള്‍ 17 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടന്നാണ് ബാങ്ക് പറയുന്നതെന്ന് രബീഷ് പറഞ്ഞു.