വടകരയിൽ സ്ത്രീകളെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ


വടകര: വടകരയിൽ സ്ത്രീകളെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത പരാതിയിൽ യുവാവ് പോലീസ് പിടിയിൽ. മൊബൈൽ ഫോൺ വഴി സ്ത്രീകളെ വിളിച്ച് ബന്ധം സ്ഥാപിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി. മയ്യന്നൂർ പാലോള പറമ്പത്ത് മുഹമ്മദ് നജീർ (28) ആണ് വടകര പോലീസിന്റെ പിടിയിലായത്.

പലരുടേയും പേരിൽ എടുത്ത സിം കാർഡ് മാറ്റി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ജ്വല്ലറി ഉടമയാണെന്നും സ്വർണ്ണത്തിന്റെ ഡിസൈൻ ഇഷ്ടപ്പെട്ട് വിളിക്കുന്നതാണെന്നും പറഞ്ഞ് സ്ത്രീകളെ വിളിച്ച് സ്വർണാഭരണം തട്ടിയെടുത്ത പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

നിരവധി സ്ത്രീകളുടെ സ്വർണാഭരണങ്ങൾ ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തതായാണ് വിവരം. വടകര സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുഹമ്മദ് നജീറിനെ വൈകീട്ടോടെ പോലീസ് കോടതിയിൽ ഹാജരാക്കി.