കോഴിക്കോട് മദ്യലഹരിയില്‍ മാങ്കാവ് സ്വദേശിയെ തലയ്ക്ക് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: മദ്യലഹരിയില്‍ തമിഴ്‌നാട് സ്വദേശി മാങ്കാവ് സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. മാങ്കാവ് തളിക്കുളങ്ങര ഇയ്യക്കണ്ടി മുഹമ്മദ് ഷാഫിയാണ് (49) കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആനിമഠം സ്വദേശി ആന്റണി ജോസഫിനെ (49) പൊലീസ് അറസ്റ്റു ചെയ്തു. മെയ് 26ന് രാത്രി ഒമ്പതുമണിയോടെ മാങ്കാവുവെച്ചാണ് സംഭവം. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കം അടിപിടിയിലേക്കെത്തുകയും മുഹമ്മദ് ഷാഫിയുടെ തലയ്ക്ക് ആന്റണി ജോസഫ് കല്ലുകൊണ്ട് അടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാഫിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയാണ് മുഹമ്മദ് ഷാഫി മരണപ്പെടുന്നത്.

മാങ്കാവ് ഭാഗങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് ആന്റണി ജോസഫ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.