പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റ സംഭവം; പ്രതി പിടിയില്‍


പുതുപ്പാടി: പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുപ്പാടി നൊച്ചിയില്‍ മുഹമ്മദ് നവാസിനാണ് (30) കഴിഞ്ഞദിവസം കുത്തേറ്റത്.

വ്യാഴാഴ്ച രാത്രി 9.45 ന് ശ്യാം ചന്ദ്രന്‍ പുതുപ്പാടി പഞ്ചായത്ത് ബസാറില്‍വച്ച് ഒരു വയോധികനെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇതു ചോദ്യം ചെയ്ത അഷറഫ് എന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകനും മര്‍ദനമേറ്റിരുന്നു.
പിന്നീട് ഒരു മണിക്കൂറിന് ശേഷം ചെമ്പ്രറ്റ കുരിശ് പള്ളിക്ക് സമീപം ശ്യാം ചന്ദ്രന്‍ അടക്കമുള്ളവര്‍ നില്‍ക്കുമ്പോള്‍ അതിലേയെത്തിയ മുഹമ്മദ് നവാസ് ആള്‍ക്കൂട്ടം കണ്ട് വണ്ടിനിര്‍ത്തി കാര്യമന്വേഷിച്ചു.

അപ്പോള്‍ ‘പകരം ചോദിക്കാന്‍ വന്നതാണോ’ എന്ന് ആക്രോശിച്ച് ശ്യാം കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നവാസ് പറഞ്ഞു. സാരമായി പരുക്കേറ്റ നവാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.