പാലക്കുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ചാ ശ്രമം; മുന്‍വാതില്‍ തകര്‍ത്ത നിലയില്‍


കൊയിലാണ്ടി: പാലക്കുളത്ത് അടച്ചിട്ട ഇരുനില വീട് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. പ്രവാസിയായ മന്നത്ത് മുസ്തഫയുടെ വീടാണ് കുത്തിത്തുറന്നത്‌. പിറക് വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളിലേക്ക് കടന്നത്. വീടിന്റെ താഴത്തെ നിലയിലെ മുറികളിലെ അലമാരകളിലെയും മറ്റും വസ്തുക്കള്‍ വാരിവലിച്ചിട്ട നിലയിലാണ്.

മുസ്തഫയും മകനും ഗള്‍ഫില്‍ പോവുമ്പോള്‍ ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയാണ് പതിവ്. പിന്നീട് ആഴ്ചയില്‍ ഒരു ദിവസം വന്ന് വീട് വൃത്തിയാക്കുകയാണ് ചെയ്യാറാണ്. ഇന്ന് രാവിലെ പിറക് വശത്തെ വാതില്‍ തുറന്നത് കണ്ട അയല്‍വാസി സംശയം തോന്നി വീട്ടുകാരെ ഫോണില്‍ വിളിച്ചപ്പോഴാണ് കളളന്‍ കയറിയത് അറിയുന്നത്.

തുടര്‍ന്ന് ബന്ധുക്കളും വീട്ടുകാരും വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. മുന്‍വാതില്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് സമീപത്തെ പറമ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വീട്ടുകാര്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.