കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം; കൂരാച്ചുണ്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍


കൂരാച്ചുണ്ട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എബ്രഹാമിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കോണ്‍ഗ്രസ് അംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചു. കളക്ടര്‍ സ്ഥലത്തെത്തി അക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയും മരിച്ച എബ്രഹാമിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 50 ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിക്കുകയും ചെയ്യാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

കക്കയം ടൗണില്‍ നിന്നും നാല് കീലാമീറ്റര്‍ അകലത്തില്‍ കക്കയം ഡാം സൈറ്റ് റോഡരികിലുള്ള കൃഷിയിടത്തില്‍ വച്ച്‌ കൊക്കൊ പറിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് പാലാട്ടില്‍ എബ്രഹാം എന്ന അവറാച്ചനെ കാട്ടുപോത്ത് അക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസിയാണ് രക്തത്തില്‍ കുളിച്ച് കിടന്ന എബ്രഹാമിനെ കണ്ടത്. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. പിന്നീട് വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്.