പ്രതീക്ഷയോടെ കാത്തിരുന്നത് നാല് മാസം; നഷ്ടമായ ഫോണ്‍ തിരികെ കിട്ടിയ സന്തോഷത്തില്‍ നന്തി സ്വദേശി മുഹമ്മദ് ഷെരീഫ്


കൊയിലാണ്ടി: നാല് മാസം മുമ്പ് നഷ്ടമായ സ്മാര്‍ട് ഫോണ്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് നന്തി സ്വദേശി മുഹമ്മദ് ഷെരീഫ്. 2023 ഒക്ടോബര്‍ 21നാണ് ഷെരീഫിന്റെ ഫോണ്‍ തുവ്വപ്പാറയുടെയും കൊയിലാണ്ടി ബീച്ചിന്റെയും ഇടയില്‍ വച്ച് നഷ്ടമായത്.

ഇരുചക്ര വാഹനത്തിന്റെ മുമ്പിലെ ബോക്‌സിലായിരുന്നു ഫോണ്‍ വച്ചിരുന്നത്. പിന്നീട് കൊയിലാണ്ടി ഹാര്‍ബറിനടുത്ത് എത്തിയപ്പോഴായിരുന്നു ഫോണ്‍ നഷ്ടമായത് അറിഞ്ഞത്. തുടര്‍ന്ന് വന്ന വഴിയെല്ലാം തിരിച്ചു പോയി പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നാലെ 8മണിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

പിന്നീട് ഷെരീഫ് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. സ്‌റ്റേഷനില്‍ നിന്നും കൃത്യമായി നടത്തിയ അന്വേഷണത്തിന്റെ ഫലമായി ഇന്ന് രാവിലെ 11മണിയോടെ നഷ്ടപ്പെട്ട ഫോണ്‍ ഷെരീഫിന് തിരികെ ലഭിച്ചു. ഫോണ്‍ നഷ്ടമായത് കൊയിലാണ്ടി ന്യൂസ് ഡോട് കോം വാര്‍ത്ത നല്‍കിയിരുന്നു.

”കൊയിലാണ്ടി പോലീസ്‌ കൃത്യമായി അന്വേഷിച്ചതിനാലാണ് നഷ്ടമായ ഫോണ്‍ തിരികെ ലഭിച്ചതെന്നും, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരോട് നന്ദി പറയുന്നുവെന്നും” മുഹമ്മദ് ഷെരീഫ് കൊയിലാണ്ടി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്‌ പറഞ്ഞു.