കൊല്ലം ഷാഫിയുടെ സംഗീത ജീവിതത്തിന് കാൽനൂറ്റാണ്ട്: പി.കെ മുഹമ്മദലി എഴുതുന്നു


മാപ്പിളപാട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗായകനാണ് കൊല്ലം ഷാഫി. ഒട്ടനവധി പ്രണയത്തിന്റെയും വിരഹത്തിന്റെയും പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിലേക്ക് പകുത്തു നൽകിയ പാട്ടുകൾക്കുടമ. ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി. മൊബൈൽ ഫോൺ വരുന്നതിന് മുമ്പ് ലാൺ ഫോൺ കോൾ പരിപാടിയിലും റേഡിയോയിലും കാസറ്റുകളിലും നിരവധി ആസ്വാദകരെ ഷാഫിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സാധാരണക്കാരിൽ സാധാരണക്കാരനായ ഷാഫിയുടെ പാട്ടുകൾ ഒരോ മനുഷ്യന്റെയും ജീവിതോർമ്മകൾ തുടിക്കുന്നതാണ്. പട്ടിണിയും അധ്വാനവും കഷ്ട്ടതയും മതേതരത്വവും മനുഷ്യത്വവും ഷാഫിയുടെ പാട്ടുകളിൽ വിളിച്ചോതും. പാട്ടുകൾ കേൾക്കാത്തവരും ഏറ്റു പാടാത്തവരും വിരളമാണ്. പ്രത്യേകിച്ച്‌ യുവാക്കളിലും യുവതികളിലും വിദ്യാർത്ഥികളിലും തരംഗമാണ് ഷാഫിയുടെ എല്ലാം പാട്ടുകളും. ഇല്ലായ്മകളെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ചും കലാരംഗത്തെ ഒറ്റപെടലുകളെയെല്ലാം പൊരുതിയാണ് ഷാഫി തന്റെ കഴിവിനെ നിലനിർത്തിയത്. സാധരണക്കാരായ മനുഷ്യരും തൊഴിലാളികളുമാണ് ഷാഫിയുടെ പാട്ടുകൾ നെഞ്ചേറ്റിയത്.

കാസറ്റിന്റെ കാലഘട്ടത്തിൽ മിക്ക ചായപിടികകളിലും വാഹനങ്ങളിലും കല്യാണവീടുകളിലും ഷാഫിയുടെ പാട്ടുകൾ തരംഗമായിരുന്നു. ചെറുപ്രായത്തിലെ കഷ്ട്ടപാടും വിശപ്പും മറന്ന് സമാധാന ജീവിതം ആഗ്രഹിച്ചാണ് ഷാഫി സംഗീതലോകത്ത് എത്താനുള്ള കാരണം. ആ കാലഘട്ടത്തിൽ ഷാഫി എഴുതിയ പാട്ടുകളാണ് വർഷങ്ങൾക്ക് ശേഷം ഈണം നൽകി ജനമനസ്സുകളിൽ എത്തിച്ചത്. രാവും പകലും ഉപ്പയുടെ കഷ്ട്ടപാട് കണ്ടാണ് ഷാഫി വളർന്നത്. ഭക്ഷണം പോലും കിട്ടാത്ത ദിവസങ്ങൾ ഷാഫിയുടെ ജീവിതത്തിലുണ്ട്. ഒരു നേരത്തെ കഞ്ഞിക്കും റവക്കും വേണ്ടിയായിരുന്നു അന്ന് സ്കൂളിൽ പോകാറ്. സ്കൂളിൽ പഠിക്കുന്ന കാലത്തെ സ്വന്തമായി അധ്വാനിച്ച് സമ്പാദിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സ്കൂൾ സമയം കഴിഞ്ഞാൽ സമീപത്തെ കടകളിൽ പോയി നിൽക്കും. ലീവുള്ള ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് ചെറിയ കച്ചവടങ്ങൾ നടത്തും. പഠിക്കാൻ പിന്നോക്കമായ ഷാഫി പത്താംക്ലാസ് തോറ്റതോടെ പഠനം നിർത്തി. പിന്നെ ഉപ്പ പണിയെടുത്ത ഹോട്ടലിൽ സപ്ലൈറായി പോകാൻ തുടങ്ങി. അവിടെ കുറച്ച് കാലം നിന്നു കേരളത്തിന്റെ വിവിധയിടങ്ങളിലായി ഹോട്ടലുകളിലും നാടൻ പണികളെല്ലാം ഒരോന്നായി ചെയ്തു. കുറേകാലം ഓട്ടോ ഓടിച്ച് ജീവിതം തള്ളിനീക്കി. പിന്നെ രണ്ട് വർഷത്തോളം ഗൾഫിൽ നിന്നു. പ്രവാസ ജീവിതത്തിലും എല്ലാം ജോലികൾക്കിടയിലും ജീവിതം കരപിടിപ്പിക്കാനുള്ള കഷ്ട്ടപാടിലും പാട്ടിനെ വിടാതെ തന്റെ ജീവിതത്തിനോടൊപ്പം കൂട്ടി പാട്ടിനോടുള്ള അടങ്ങാത്ത ഇഷ്ടം മനസ്സിൽ കാത്ത്സൂക്ഷിച്ച് ഉയരങ്ങൾ കീഴടക്കിയ കലാകാരനാണ് കൊല്ലം ഷാഫി.

മദ്രസയിൽ നിന്ന് നബിദിനത്തിനും കയ്യെഴുത്തിനും സാഹിത്യസമാജങ്ങൾക്കും പ്രദേശത്തെ കല്യാണ വീടുകളിലെല്ലാം പാട്ട് പാടിയാണ് കലാ പാരമ്പര്യം ഒന്നുമില്ലാത്ത ജീവിത സാഹചര്യത്തിൽ നിന്ന് ഷാഫി വലിയ പ്രോഗ്രാമുകളിലേക്കും വേദികളിലേക്കും എത്തിച്ചേരുന്നത്. ആദ്യമായി മദ്രസയിലെ നബിദിന പരിപാടിക്ക് ഉമ്മ എഴുതി തന്ന പാട്ടിന് ഈണം നൽകി പാടിയത് ഷാഫിയുടെ ഓർമ്മകളിൽ ഇന്നും ജ്വലിച്ച് നിൽക്കുന്നുണ്ട്. ഉമ്മയും, നാടും, സുഹൃത്തുക്കളുമെല്ലാമാണ് ഷാഫിയുടെ വലിയ പ്രചോദനം. ചെറുപ്രായത്തിലെ തനിക്ക് പാടാനുള്ള കഴിവ് ദൈവം സമ്മാനിച്ചിട്ടുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ് ആ കഴിവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ട് നീക്കിയത് കൊണ്ട് സംഗീതം ഉപജീവനമാർഗമായി ഷാഫിയിലേക്ക് കടന്ന് വന്നു.

ആൽബങ്ങളുടെ തുടക്ക കാലഘട്ടത്തിൽ ഹിറ്റായ ഷാഫി സ്റ്റേജ് പ്രോഗ്രാമിൽ എത്തുന്നത് മിമിക്രി അവതരണത്തിലൂടെയാണ് മിമിക്രി രംഗത്ത് നിന്ന് ലഭിച്ച അനുഭവങ്ങളാണ് പാട്ടിന്റെ സങ്കേതത്തിൽ എത്താൻ കൂടുതൽ ഊർജ്ജമായത്. കലാ രംഗത്ത് ഇരുപത്തിയാറ് വർഷം പിന്നിടുമ്പോൾ ആയിരത്തിലധികം പാട്ടുകൾ സ്വന്തമായി രചന നടത്തി ആസ്വാദകരിൽ എത്തിച്ച് ജനപ്രിതി നേടി. പാടുന്നതോടൊപ്പം അഭിനയത്തിലും പ്രേക്ഷകരുടെ ഇഷ്ടമായി മാറി. എല്ലാവർക്കും ആസ്വാദിക്കാൻ പറ്റിയ ഒരോ വരികളും സാധരണക്കാരായ മനുഷ്യർക്ക് ഏറ്റു പാടാൻ പറ്റിയ പാട്ടുകളാണ് ഷാഫി ഇതുവരെ ഒരുക്കിയിട്ടുള്ളത്.

പുതിയ ന്യൂജൻ കാലത്ത് പുറത്തിറങ്ങുന്ന പാട്ടുകൾ അർത്ഥമില്ലാതെ ട്രെൻഡ് സൃഷ്ടിച്ച് മാഞ്ഞ്പോവുമ്പോൾ വരും തലമുറക്ക്കൂടി കേട്ട് ആസ്വാദിക്കാനുള്ള പാട്ടുകളാണ് ഷാഫിയുടേത്. പണ്ട് കാലങ്ങളിൽ വോക്ക് മാനിൽ റെക്കോർഡ് ചെയ്യുകയാണെങ്കിൽ ഇപ്പോൾ ഫോണിലും വീട്ടിലും എല്ലാം സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഷാഫി ഹൃദയം കൊണ്ട് പാടിയ ആയിരത്തോളം പാട്ടുകൾ ഇന്ന് യൂട്യൂബിൽ ഹിറ്റാണ്. ഇൻസ്റ്റഗ്രാം സ്റ്റോറികളിലും റീൽസുകളിലും കൂടുതലായി ഷാഫിയുടെ പാട്ടുകളാണ്. വളപ്പിൽ മുഹമ്മദാണ് പിതാവ്. സുഹറ ഉമ്മയാണ്. ഭാര്യ റജുല. ശഹബാസ്, ആയിശ നൂറ, ഖദീജ സിയ മക്കളാണ്.