രാത്രി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്, പുലര്‍ച്ചെ വന്നപ്പോള്‍ കാണാനില്ല; കുന്നംകുളത്ത് സ്വകാര്യ ബസ് മോഷണം പോയി


കുന്നംകുളം: ബസ് സ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുമെല്ലാം നിര്‍ത്തിയിട്ട് പോകുന്ന ഇരുചക്ര വാഹനങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ ഏറെയുണ്ട്, പക്ഷേ ബസ് മോഷണം പോയതായി അധികം കെട്ടിട്ടില്ല. എന്നാലിപ്പോള്‍ പൊതു സ്ഥലത്തെ ബസ് നിര്‍ത്തിയിട്ട് പോകുന്നതും സുരക്ഷിതമല്ലെന്നാണ് കുന്നംകുളത്ത് നടന്ന സംഭവം സൂചിപ്പിക്കുന്നത്.

സര്‍വ്വീസ് അവസാനിപ്പിച്ച് കുന്നംകുളം പഴയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട് പോയതാണ് ഷോണി ബസുടമ. പുലര്‍ച്ചെ സര്‍വ്വീസ് തുടങ്ങാനായി ബസ് എടുക്കാനെത്തിയപ്പോള്‍ ദേ സ്റ്റാന്റില്‍ ബസില്ല. കുന്നംകുളം ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്.

ഇന്ന് പുലര്‍ച്ചെ 4.10 നാണ് ബസ് മോഷണം പോയത്. 4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍പിലെ സിസിടിവി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ബസ് ഉടമ പുതിയ ബസ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസ് എടുക്കാന്‍ എത്തിയപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിയുന്നത്. തുടര്‍ന്ന് കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തില്‍ മേഖലയിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Summary: A private bus was stolen in Kunnamkulam