നന്തിയില്‍ ഒരു കിലോയിലേറെ കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍


നന്തിബസാര്‍: നന്തി പുളിമുക്കില്‍ നിന്നും ഒരു കിലോ 50ഗ്രാം കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. സര്‍ജഹാന്‍ (21) ആണ് പിടിയിലായത്.

ഇന്നലെ രാവിലെ പത്തുമണിയോടെ കൊയിലാണ്ടി എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസ് പട്രോളിങ്ങിനിടെയാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ്.സി.പി.ഒമാരായ വിജീഷ്, ശ്രീജിത്ത് എന്നിവരുമുണ്ടായിരുന്നു.

ഇന്നലെ രാത്രിയും കഞ്ചാവുമായി അതിഥി തൊഴിലാളിയെ കൊയിലാണ്ടി പൊലീസ് പിടികൂടിയിരുന്നു. ബംഗാള്‍ സ്വദേശി ഷെയ്ക്ക് സോയാ സാജിദ് ആണ് പിടിയിലായത്. ഇയാളില്‍ നിന്നും കഞ്ചാവിന് പുറമേ 67160 രൂപയും പിടിച്ചെടുത്തിരുന്നു.

ഇരുകേസിലെയും പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അടുത്തിടെ ലഹരി വസ്തുക്കളുമായി കൊയിലാണ്ടിയില്‍ പൊലീസ് പിടിയിലാവുന്നവരുടെ എണ്ണം കൂടുകയാണ്. സ്‌കൂള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികളെയടക്കം ലക്ഷ്യമിട്ട് ലഹരിമാഫിയ നഗരത്തില്‍ ശക്തിപ്പെടുകയാണ്. എം.ഡി.എം.എയടക്കമുള്ള മാരക ലഹരി വസ്തുക്കളുമായി ആളുകളെ നഗരത്തില്‍ നിന്നും പിടികൂടിയ സാഹചര്യത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.