പൂര്‍വ്വികര്‍ക്കുവേണ്ടി വ്രതമെടുത്ത് ബലിയര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങള്‍; പിതൃസ്മരണകളുടെ കടലിരമ്പത്തില്‍ ഉരുപുണ്യകാവ് ക്ഷേത്രവും പരിസരവും
കൊയിലാണ്ടി: മണ്‍മറഞ്ഞവരുടെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റി മൂടാടി ഉരുപുണ്യകാവ് ശിവക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടത്താന്‍ എത്തിയത് പതിനായിരങ്ങള്‍. പുലര്‍ച്ചെ മുതല്‍ തന്നെ ക്ഷേത്രപരിസരത്ത് ഭക്തര്‍ എത്തിത്തുടങ്ങി. ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
ഉരുപണ്യകാവ് കടലിലെ തിരകളും കടലിലെ വായുവും വരെ ഭക്തി സാന്ദ്രമായ നിമിഷങ്ങളില്‍ അലിയുന്ന നിമിഷങ്ങളായിരുന്നു ക്ഷേത്രപരിസരത്ത് പുലര്‍ച്ചെ മുതല്‍. മൂന്നുമണി മുതല്‍ തന്നെ ഭക്തര്‍ക്ക് കടല്‍ക്കരയിലെ ക്ഷേത്ര ബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കിയിരുന്നു. ഒരേസമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമാണ് ഇവിടെയുണ്ടായിരുന്നത്. ഉച്ചവരെ ചടങ്ങുകള്‍ തുടര്‍ന്നു. പുലര്‍ച്ചെ മുതല്‍ എത്തിയ ഭക്തര്‍ക്കായി പ്രഭാത ഭക്ഷണവും ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു.
കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
ഞായറാഴ്ച ഒരിക്കല്‍ എടുത്ത് ഇന്ന് പുലര്‍ച്ചെ ബലിയര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഒരു നേരം മാത്രം അരിഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കല്‍ എന്നറിയപ്പെടുന്നത്. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ വ്രതം അനുഷ്ഠിക്കുന്ന സമയത്ത് കഴിക്കാന്‍ പാടില്ല. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നതുവരെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല. വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല് എന്നിവയാണ് ബലിയിടുന്നതിന് പൂജയ്ക്കായുള്ള സാധനങ്ങള്‍.