മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍പ്പാലത്തില്‍ ലോറി മറിഞ്ഞ് ഒന്നരലക്ഷത്തോളം മുട്ട റോഡില്‍ പൊട്ടിച്ചിതറി; പത്തോളം വാഹനങ്ങള്‍ തെന്നിമറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്
കണ്ണൂര്‍: ദേശീയപാതയില്‍ മുഴപ്പിലങ്ങാട് റെയില്‍വേ മേല്‍പ്പാലത്തില്‍ കോഴിമുട്ട കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം. ഒന്നരലക്ഷത്തോളം മുട്ടയുമായി തമിഴ്‌നാട്ടില്‍ നിന്നും വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മുട്ട റോഡില്‍ പൊട്ടിച്ചിതറി. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.
തമിഴ്‌നാട് നാമക്കലില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിരെവന്ന മത്സ്യ ലോറിയെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ഡ്രൈവര്‍ സോമസുന്ദരം മാത്രമായിരുന്നു ലോറിയില്‍. ആര്‍ക്കും പരിക്കില്ല. അഞ്ചുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
ഒന്നര ലക്ഷത്തോളം മുട്ട റാക്കുകളില്‍ അടുക്കിവെച്ച നിലയിലായിരുന്നു. മുട്ടകള്‍ റോഡിലേക്ക് പൊട്ടിച്ചിതറിയതോടെ ഇതുവഴി യാത്ര ഏറെ പ്രയാസകരമായി. മുട്ടയുടെ വെള്ളയും മഞ്ഞയും ഭാഗങ്ങള്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെ ഭാഗത്തേക്ക് ഒഴുകി. ഇവിടെ സ്‌കൂട്ടറുകളും ബൈക്കുകളുമുള്‍പ്പെടെ 10 വാഹനങ്ങള്‍ തെന്നിമറിഞ്ഞു. ചിലര്‍ക്ക് നിസ്സാര പരിക്കേറ്റു.
എട്ടരയോടെ ലോറി മാറ്റി. തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നെത്തിയ അഗ്നിരക്ഷായൂണിറ്റ് റോഡ് കഴുകി വൃത്തിയാക്കി. ദേശീയപാതയില്‍ ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു.