ആലപ്പുഴയില്‍ കിണറ്റിലകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ ശ്വാസംമുട്ടി മരിച്ചു


ആലപ്പുഴ: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിടയില്‍ ശ്വാസതടസം വന്നയാളെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന്‍ ശ്വാസംമുട്ടി മരിച്ചു. ചെറുവല്ലൂര്‍ തെക്കേപ്പടിറ്റതില്‍ വീട്ടില്‍ ശംഭുസോമ(36)നാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കൊല്ലക്കടവ് ചെറുവല്ലൂരിലാണ് സംഭവം.

സമീപവാസിയായ നെടുവക്കാട്ട് വീട്ടില്‍ കൊച്ചുമോനാണ് കിണര്‍ വൃത്തിയാക്കാനിറങ്ങിയത്. 22 തൊടികളുള്ള കിണറിലിറങ്ങി താഴെ എത്തിയപ്പോള്‍ മുതല്‍ കൊച്ചുമോന് ശ്വാസം മുട്ടി. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട നിലയിലായപ്പോഴാണ് രക്ഷിക്കാനായി ശംഭുസോമന്‍ ഇറങ്ങിയത്. ഇറങ്ങുന്നതിനിടയില്‍ ശംഭുവിനും ശ്വാസം കിട്ടാതാവുകയും കിണറ്റിലേക്ക് വീഴുകയായിരുന്നു.

മാവേലിക്കര ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.