‘ഡിപ്രെഷനിൽ നിന്ന് സഹായിക്കാനായി വന്നു, പിന്നീട് കഞ്ചാവ് തന്നു; സഹപാഠി എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു, പതിനൊന്ന് പെണ്‍കുട്ടികള്‍ കെണിയില്‍പ്പെട്ടതായി അറിയാം’; കണ്ണൂരില്‍ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലില്‍ സഹപാഠി പോക്‌സോ കേസില്‍ അറസ്റ്റില്‍


കണ്ണൂര്‍: സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ഒമ്പതാം ക്ലാസുകാരി. ഇതേ രീതിയില്‍ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെണ്‍കുട്ടികളെ അറിയാമെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ സഹപാഠിയെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാവാത്തയാളാണ് പ്രതി.

സൗഹൃദമാണെന്നും പിന്നീട് പ്രണയമാണെന്നും ഭാവിച്ച സുഹൃത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനെന്ന പേരിലാണ് ആദ്യം ലഹരി നല്‍കിയതത്. ആദ്യം സൗജന്യമായി നല്‍കി ശീലിപ്പിക്കുന്ന ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് ലഹരിക്കുള്ള പണം കണ്ടെത്താന്‍ സെക്‌സ് വര്‍ക്ക് അടക്കം ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതു നിഷേധിക്കുന്നവരെ അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ഉള്‍പ്പെടെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു.

പ്രതി ലഹരി ഉപയോഗിച്ച് പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ലഹരിക്ക് അടിമയായതോടെ ആത്മഹത്യാ പ്രവണതയുണ്ടായതായും മാതാപിതാക്കളുടെ കരുതലില്‍ രക്ഷപെട്ടതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം കൗണ്‍സലിങ്ങിലാണ് ലൈംഗിക പീഡനം അടക്കമുള്ള കാര്യങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. ഒരു കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണ് പരാതിയുമായി എസിപിയെ സമീപിച്ചത്. ഉടന്‍ തന്നെ പൊലീസ് നടപടിയെടുത്തതായും മാതാപിതാക്കള്‍ പറഞ്ഞു. ഫോട്ടോകളും വിഡിയോകളും മറ്റ് വിവരങ്ങളും പൊലീസിനു കൈമാറി.

ജുവനൈല്‍ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്കു പിന്നില്‍ വലിയ ലഹരി മാഫിയയുണ്ടെന്നു കുടുംബം ആരോപിച്ചു.