ഡി.വൈ.എഫ്.ഐ ഭാരവാഹിയായ ഇരുപത്തിനാലുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു; അരുംകൊല നടന്നത് പാലക്കാട്, പ്രതി കീഴടങ്ങി


പാലക്കാട്: പൊതുപ്രവര്‍ത്തകയായ യുവതിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ സുര്യപ്രിയയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കീഴടങ്ങി. സുജീഷും സൂര്യപ്രിയയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് താന്‍ സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് കുറ്റസമ്മതം നടത്തി. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്ന സൂര്യപ്രിയ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗവും കൊന്നല്ലൂര്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ് അംഗവുമായിരുന്നു.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..